മഴക്കാലം അടുത്തിട്ടും കോഴിക്കോട് നഗരത്തിലെ അപകടഭീഷണിയിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നടപടിയില്ല. നാലുപേരുടെ മരണത്തിനിടയാക്കിയ വലിയങ്ങാടിയിലെ കെട്ടിടമടക്കം 21 എണ്ണമാണ് അപകടാവസ്ഥയിലുള്ളത്. അതേസമയം NIT യുടെ പരിശോധന റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി മനോരമ ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വലിയങ്ങാടിയിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിന്‍റെ സണ്‍ഷേഡ് തകര്‍ന്ന് നാലുപേര്‍ മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നഗരത്തില്‍ 21 കെട്ടിടങ്ങള്‍ ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണന്ന് കണ്ടെത്തിയത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ കെട്ടിടങ്ങളിലുള്ള വ്യാപാരികളെയടക്കം മാറ്റിപ്പാര്‍പ്പിക്കാന്‍ കോര്‍പറേഷന്‍ തയാറായിട്ടില്ല. മഴ ശക്തമായാല്‍ അപകടസാധ്യത ഏറെയാണ്.
21 ല്‍ ഇതുവരെ നാല് കെട്ടിടങ്ങള്‍ മാത്രമേ എന്‍ ഐ ടി പരിശോധിച്ചിട്ടുള്ളു. മഴക്കാലം ആരംഭിക്കാനിരിക്കെ പരിശോധന വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വലിയങ്ങാടിയില്‍ അപകടമുണ്ടാക്കിയ കെട്ടിടം പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ടെന്‍ഡര്‍ ഉടന്‍ വിളിക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.