ആപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു പ്രതിഭാസത്തിലൂടെയാണ് രാജ്യം ഇന്ന് പുലര്‍ച്ചെ കടന്നുപോയത്. എന്നാല്‍ ഇക്കാര്യം അധികമാരും അറിഞ്ഞുകാണില്ല. പുലര്‍ച്ചെ മൂന്നിന് എല്ലാവരും സുഃഖനിദ്രയിലായിരുന്നപ്പോള്‍ രാജ്യത്തിന്‍റെ 95% ഭൂപ്രദേശവും മേഘങ്ങള്‍ കൊണ്ട് മൂടിയിരുന്നു എന്നതായിരുന്നു ആ പ്രത്യേകത. സാറ്റലൈറ്റുകള്‍ക്ക് രാജ്യത്തിന്‍റെ അഞ്ച് ശതമാനം ഭാഗങ്ങളെ മാത്രമേ ബഹിരാകാശത്ത് നിന്നും നിരീക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളു.
2.15നും 3.27നും ഇടയിലുള്ള സമയത്ത് ഇസ്രോ സാറ്റലൈറ്റുകളെടുത്ത ചിത്രം ഇന്ത്യന്‍ കാലാവസ്ഥാ ഗവേഷണ കേന്ദ്രം നിരീക്ഷിച്ചതോടെയാണ് കൗതുകമാര്‍ന്ന പ്രതിഭാസം ശ്രദ്ധയില്‍ പെട്ടത്. ചിത്രത്തിനായി താപനില രേഖപ്പെടുത്തുന്ന തെര്‍മല്‍ ക്യാമറകളുടെ സഹായമാണ് തേടിയത്. പകല്‍സമയത്ത് ഒരുപക്ഷെ കാണുമായിരുന്നെങ്കിലും മേഘങ്ങളുടെ ഘടന അളക്കാനായി രാത്രിസമയങ്ങളില്‍ തെര്‍മല്‍ ക്യാമറകളുടെ സഹായം തേടുക മാത്രമേ സാധ്യമുള്ളു.
അറബിക്കടല്‍ മുതല്‍ ഹിമാലയം വരേയുള്ള പ്രദേശം അറബിക്കടലില്‍ രൂപപ്പെട്ട മേഘങ്ങള്‍ വന്‍തോതില്‍ മൂടി. ഇതേസമയം ബംഗാള്‍ ഉള്‍ക്കടലിലും വന്‍തോതില്‍ മേഘങ്ങള്‍ രൂപപ്പെട്ടിരുന്നു. ഇത് തെക്ക് തമിഴ്നാട് മുതല്‍ ഗുജറാത്ത് വരെയും മൂടി. ശക്തമായ കാറ്റുകള്‍ അന്തരീക്ഷത്തിലെ വ്യത്യസ്തമായ പാളികളില്‍ ആണ് സഞ്ചരിക്കാറുള്ളത്. സാധാരണയായി ഭൂമിയോട് ഏറ്റവും ചേര്‍ന്ന ട്രോപോസ്ഫിയറിലാണ് മഴമേഘങ്ങള്‍ ഉണ്ടാവാറ്. എന്നാല്‍ വരണ്ട കാലാവസ്ഥ, ഉഷ്ണം എന്നിവ മഴമേഘങ്ങളെ തൊട്ടുമേലെയുള്ള സ്ട്രാറ്റോസ്ഫിയറിലേക്കും എത്തിക്കാറുണ്ട്. രണ്ട് മേഖലകളിലും കാറ്റ് ഒരേ ദിശയിലേക്കായിരിക്കില്ല വീശുക. ഇതാണ് മേഘങ്ങളെ വ്യത്യസ്തമായ പ്രദേശങ്ങളില്‍ എത്തിച്ചതിന് കാരണമെന്നാണ് അനുമാനം.
95ശതമാനം മേഘം മൂടിയ അവസരത്തില്‍ ജമ്മു കശ്മീരിന്‍റെ ചില ഭാഗങ്ങളും യുപിയിലെ ചില ഭാഗങ്ങളും മാത്രമാണ് ബഹിരാകാശത്ത് നിന്ന് ദൃശ്യമായത്. ഇത്തരം അവസ്ഥ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നാണ് വാനനിരീക്ഷകരുടെ വിലയിരുത്തല്‍.