കോഴിക്കോട് എരമംഗലത്തെ ക്വോറിയ്ക്ക് മുന്നിലെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികൾ. ക്വോറി അടച്ചുപൂട്ടും വരെ സമരം തുടരാനാണ് തീരുമാനം. ക്വാറിയ്ക്ക് എതിരെ പ്രതിഷേധിച്ച 30 ഓളം പേരെ ഇന്നലെയാണ് പൊലീസ് അറസ്റ്റു ചെയ്തു നീക്കിയത്.
സ്ത്രീകളും കുട്ടികളുമടക്കം കഴിഞ്ഞ 23 ദിവസമായി പന്തൽ കെട്ടിയുളള സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം. രാഷ്ട്രീയ ഭേദമന്യ ഒന്നിച്ചുള്ള പ്രതിഷേധം തുടരും. പൊലീസ് നടപടി അംഗീകരിക്കാതെ തന്നെ പ്രതിഷേധിക്കും.
ക്വോറി പ്രവർത്തിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ , സ്ഫോടനത്തിലൂടെ വീട് വിണ്ട് കീറുന്നത്, ക്വോറിയിലെ മൺ കുന ഉയർത്തുന്ന ഭീഷണി തുടങ്ങി ജന ജീവിതം ദുസഹമാക്കുന്ന പ്രവർത്തികളാണ് നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
ക്വോറി ഉടമ കൂടുതൽ സ്ഥലം കൈയ്യേറി പാറ പൊട്ടിച്ചിട്ടും ജിയോളജി വകുപ്പ് അടക്കം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ചോദിക്കുന്നു. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ വാഹനം തടഞ്ഞ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്