കോഴിക്കോട് എരമംഗലത്തെ പാറ ക്വോറിയ്ക്ക് മുന്നിൽ 22 ദിവസമായി സമരം ചെയ്തു വന്ന നാട്ടുകാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. സ്ത്രീകളും കുട്ടികളുമടക്കം 40 ഓളം പേരെയാണ് ബാലുശേരി പൊലീസ് അറസ്റ്റു ചെയ്തത്. പാറ ക്വോറിയുടെ വാഹനം തടഞ്ഞുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് അറസ്റ്റിലേക്ക് കടന്നത്.സ്ത്രീകളും കുട്ടികളുമടക്കം കഴിഞ്ഞ 22 ദിവസമായി പന്തൽ കെട്ടി ഇവിടെ സമരത്തിലാണ്. ക്വോറി പ്രവർത്തിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നം, സ്ഫോടനത്തിലൂടെ വീട് വിണ്ട് കീറുന്നത്, ക്വോറിയിലെ മൺ കുന ഉയർത്തുന്ന ഭീഷണി എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു സമരം.
100 അടി താഴ്ചയിലേക്ക് പാറയും തുരന്നിട്ടുണ്ട്. രാവിലെ 10 30 ഓടെ സമരക്കാരെ പൊലീസ് എത്തി അറസ്റ്റു ചെയ്തു നീക്കി. സ്ത്രീകളും കുട്ടികളുമടക്കം പൊലീസിനെ പ്രതിരോധിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായ രണ്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ക്വോറി ഉടമ കൂടുതൽ സ്ഥലം കൈയ്യേറി പാറ പൊട്ടിച്ചിട്ടും ജിയോളജി വകുപ്പ് അടക്കം എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ചോദിക്കുന്നു. വയനാട് ദുരന്തം ഓർമിപ്പിച്ച് അധികൃതർ കണ്ണു തുറന്ന് ഞങ്ങളെ രക്ഷിക്കണമെന്നാണ് എരമംഗലത്തുകാർ പറയുന്നത്