കോഴിക്കോട് താമരശേരിയില്‍ ശുചിമുറി മാലിന്യം തള്ളുന്നതു പതിവാക്കിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ കാവലിരുന്നു പിടികൂടി. ട്രീറ്റ്മെന്റ് പ്ലാന്റിലേക്കു കൊണ്ടുപോകുന്നതിനായി കരാറെടുത്തവരാണു മാലിന്യം ആരാധനാലയങ്ങള്‍ക്കു സമീപം തളളിയത്.
ടാങ്കര്‍ ലോറി ജീവനക്കാരായ രണ്ടുപേര്‍ അറസ്റ്റിലായി. മൂന്നു മാസത്തിലേറെയായി താമരശേരി കൈതപ്പൊയില്‍ നിവാസികള്‍ കടുത്ത ദുരിതത്തിലാണ്. പുലര്‍ന്നെഴുന്നേല്‍ക്കുന്നതു പലയിടങ്ങളിലായി തള്ളുന്ന ശുചിമുറി മാലിന്യങ്ങളുടെ ദുര്‍ഗന്ധമാണ്. പലതവണ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നു യുവാക്കള്‍ നടിനു കാവലിരിക്കാന്‍ തുടങ്ങി. ഇതിനിടയിലാണു പുലര്‍ച്ചെ കെ.എസ്.ഇ.ബി. ഓഫീസിനു സമീപം ടാങ്കര്‍ ലോറി കണ്ടെത്തിയത്. തടയാന്‍ ശ്രമിച്ചപ്പോള്‍ അതിവേഗത്തില്‍ മുന്നോട്ടു കുതിച്ച ലോറിയെ അടിവാരത്തുവച്ചു പിടികൂടി.
ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന മലപ്പുറം കൊളത്തൂര്‍ സ്വദേശി അബ്ദുല്‍ ഹക്കീം, പെരിന്തല്‍മണ്ണ സ്വദേശി ഫൗസാന്‍ ഹുസൈന്‍ എന്നിവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. വാഹനവും പിടിച്ചെടുത്തു. നേരത്തെ മാലിന്യം തള്ളിയതിന് ഒരു ലക്ഷം രൂപ പഞ്ചായത്ത് പിഴയുമീടാക്കി.