birdflu

TOPICS COVERED

കോഴിക്കോട് അഞ്ചിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത പക്ഷിപ്പനി നിയന്ത്രണവിധേയം. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം കണ്ടെത്തിയ  പ്രദേശത്തിന് 10 കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈലന്‍സ് സോണായി തുടരുകയാണ്. കോഴിക്കടകള്‍ രണ്ടാഴ്ച്ച കൂടി അടച്ചിടണം. 

പക്ഷിപ്പനി സ്ഥിരീകരിച്ച കക്കോടി, പനങ്ങാട്, ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലും നല്ലളത്തുമായി 3200ലധികം പക്ഷികളെയാണ് കൊന്നൊടുക്കിയത്. ശേഷം അയച്ച സാംപിളുകള്‍ നെഗറ്റീവ് ആയതോടെ ആശങ്ക പതുക്കെ ഒഴിയുകയാണ്. എന്നാല്‍ പലയിടത്തും പക്ഷികള്‍ ചത്തുവീണതിനെ തുടര്‍ന്ന് സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇ–കോളി കലര്‍ന്ന വെള്ളം കുടിച്ചും ശ്വസാകോശത്തെ ബാധിക്കുന്ന പാസ്‌റ്റുറല്ല രോഗവും കാരണവുമാണ് പക്ഷികള്‍ ചത്തുവീഴുന്നതെന്നാണ് കണ്ടെത്തല്‍. 

വേനല്‍കാലമായതോടെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നാണ് പക്ഷികളിലേക്ക് രോഗം പടരുന്നത്. നിലവില്‍ പക്ഷിപ്പനി കണ്ടെത്തിയ പ്രദേശത്തേക്ക് കോഴികളെയോ മറ്റു പക്ഷികളെയോ എത്തിക്കാന്‍ പാടില്ല. മൂന്ന് മാസത്തേയ്ക്കാണ് നിയന്ത്രണം. 16 ദിവസങ്ങള്‍ക്ക് ശേഷമേ കോഴിക്കടകള്‍ തുറക്കാന്‍ പാടുള്ളൂ. മുട്ട, മാംസം എന്നിവ സമയമെടുത്ത് വേവിച്ച് മാത്രമേ കഴിക്കാവൂ എന്ന നിര്‍ദേശവും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശ പ്രകാരം രോഗം ബാധിച്ച മേഖലകളിലെ പക്ഷികളെ കൊന്നൊടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ENGLISH SUMMARY:

Bird flu in Kozhikode is under control with no new cases reported. The affected areas remain surveillance zones, and restrictions on poultry shops and movement are in place to prevent further spread.