മുന്‍മന്ത്രി എം.കെ. മുനീറിന്റെ കോഴിക്കോട് നടക്കാവിലെ വീടിന്റെ ജപ്തി ഭീഷണി ഒഴിയുന്നു. വീടിന്റെ ബാധ്യത മുസ്‍ലിം ലീഗ് ഏറ്റെടുത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഇടപെട്ടാണ് മുനീറിന്റെ തറവാട് വീടിന്റെ സംരക്ഷണം ഉറപ്പാക്കിയത്. 49 ലക്ഷം രൂപയുടെ കുടിശ്ശിക മുസ്‍ലിം ലീഗ് അടച്ചു തീര്‍ത്തു.
മുല്ലപ്പൂവള്ളിപ്പടര്‍പ്പുകളുടെ തണലില്‍ സി.എച്ച് ഉറങ്ങുന്ന മണ്ണ്. ഉടമ മാറിയപ്പോഴും സി.എച്ച് മുഹമ്മദ് കോയയെന്ന മേല്‍വിലാസത്തിലറിയപ്പെടുന്ന നടക്കാവിലെ ക്രെസന്റ് വീട് ഒരുനിലയ്ക്കും കൈവിടില്ലെന്നുറപ്പാക്കുയാണു പാര്‍ട്ടി. വീടിന്‍റെ പുനര്‍ നിര്‍മാണത്തിനായി കോഴിക്കോട് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും രണ്ടു ലോണായി 70 ലക്ഷം രൂപയാണ് മുനീര്‍ വായ്പയെടുത്തത്.
70 ലക്ഷത്തില്‍ 60 ലക്ഷത്തോളം തിരിച്ചടച്ചു. 58 ലക്ഷം രൂപ കുടിശ്ശികയായി. ഒറ്റത്തവണയായി 49 ലക്ഷം രൂപ അടച്ച് വായ്പ അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശമാണ് ട്രൈബ്യൂണല്‍ മുന്നോട്ട് വച്ചത്. മാര്‍ച്ച് 31 ആണ് ഇതിന്‍റെ അവസാന തീയതി. 31നകം തിരിച്ചടച്ചില്ലെങ്കില്‍ ജപ്തിയിലേക്ക് കടക്കുെമന്ന വാര്‍ത്ത പുറത്തായതോടെയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഇടപെട്ടത്.
വാര്‍ത്ത പുറത്തുവന്നതോടെ സംശുദ്ധ രാഷ്ട്രീയത്തിന്റെ രൂപമായി മുനീറിനെ വാഴ്ത്തുകയാണു സമൂഹ മാധ്യമങ്ങള്‍. പ്രമുഖരടക്കം നിരവധി പേര്‍ സഹായ വാഗ്ദാനവുമായി മുനീറിനെ സമീപിച്ചെങ്കിലും നിരസിച്ചു. സ്വകാര്യ കടമായതിനാല്‍ പാര്‍ട്ടിയെ അറിയിക്കേണ്ടന്ന നിലപാടിലായിരുന്നു നേരത്തെ എം.കെ. മുനീര്‍. പ്രതീക്ഷിച്ച രീതിയില്‍ സാമ്പത്തികമുണ്ടായില്ലെന്നും ജാഫർഖാൻ കോളനിയിലെ ഒരു വീട് വിറ്റ് ഒരു ഭാഗം അടച്ചെന്നും മുനീര്‍ പറഞ്ഞിരുന്നു.