യുവത്വത്തെയും പുതുമുഖങ്ങളേയും കളത്തിലിറക്കി കോഴിക്കോട് പിടിക്കാന്‍ യുഡിഎഫ്. രണ്ട് പതിറ്റാണ്ടായി ഒരു സീറ്റുപോലുമില്ലെന്ന നാണക്കേട് പേറുന്ന കോണ്‍ഗ്രസിനും കഴിഞ്ഞ തവണ ഒറ്റ സീറ്റില്‍ ഒതുങ്ങിയ മുസ്ലീംലീഗിനും പോരാട്ടം നിര്‍ണായകമാണ്. കൊടുവള്ളിയിലും വടകരയിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ മാത്രമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
ആറിടത്ത് മല്‍സരിക്കുന്ന മുസ്ലീംലീഗിന്റ മൂന്നുപേരും ചെറുപ്പക്കാരാണ്. ഉറച്ച കോട്ടയായ കൊടുവള്ളിയില്‍ യൂത്ത് ലീഗ് അധ്യക്ഷന്‍ പി കെ ഫിറോസ്. കഴിഞ്ഞതവണ നഷ്ടപ്പെട്ട കോഴിക്കോട് സൗത്ത് തിരിച്ചുപിടിക്കുകയാണ് യൂത്ത് ലീഗ് മുന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാബുവിന്റ ദൗത്യം. 55 വര്‍ഷത്തിനിടെ രണ്ട് തവണ മാത്രം വലത്തേക്ക് ചാഞ്ഞിട്ടുള്ള പേരാമ്പ്രയില്‍ അത്ഭുതം സൃഷ്ടിക്കാനിറങ്ങുന്നത് ഫാത്തിമ തെഹ്ലിയ.
അഞ്ചിടത്ത് മല്‍സരിക്കുന്ന കോണ്‍ഗ്രസിലുമുണ്ട് മൂന്ന് ചെറുപ്പക്കാര്‍. നാദാപുരത്ത് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ എം അഭിജിത്ത്, ബാലുശേരിയില്‍ കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി സൂരജ്, എലത്തൂരില്‍ വിദ്യാ ബാലകൃഷ്ണന്‍. കോഴിക്കോട് നോര്‍ത്തില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസിന്റ അഡ്വ കെ ജയന്തും തിരുവമ്പാടിയില്‍ മല്‍സരിക്കുന്ന ലീഗിലെ സി കെ കാസിമും പുതുമുഖങ്ങളാണ്. കോണ്‍ഗ്രസിലേയും ലീഗിലേയും ജില്ലാ അധ്യക്ഷന്‍മാരും മല്‍സരരംഗത്തുണ്ട്. ഡി സി സി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാര്‍ കൊയിലാണ്ടിയിലും ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ റസാഖ് കുന്നമംഗലത്തും ജനവിധി തേടുന്നു.കുറ്റ്യാടിയില്‍ ലീഗിന്റ പാറയ്ക്കല്‍ അബ്ദുള്ളയാണ് സ്ഥാനാര്‍ഥി.