കോഴിക്കോട് നഗരം ഒരു വശത്ത് വികസനകുതിപ്പിലേറുമ്പോള്‍ മറുവശത്ത് തീപിടുത്തം ഫലപ്രദമായി നിയന്ത്രിക്കാന്‍ സംവിധാനം പോലുമില്ലാത്ത നഗരമായി മാറുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25 വലിയ തീപിടുത്തങ്ങള്‍ ഉണ്ടായിട്ടും ജീവനുകള്‍ പൊലിഞ്ഞിട്ടും കോഴിക്കോട് കോര്‍പ്പറേഷനും മറ്റു ബന്ധപ്പെട്ട അധികാരികളും പാഠം പഠിച്ചിട്ടില്ല. ജയലക്ഷ്മി സില്‍ക്ക്സിലെ തീപിടിത്തത്തില്‍ അഗ്നിരക്ഷാസേനയുടെ റിപ്പോര്‍ട്ട് ഇന്ന് ജില്ലാകലക്ടര്‍ക്ക് കൈമാറും.
ജയലക്ഷ്മി സില്‍ക്സിലുണ്ടായത് പോലുള്ള തീപിടുത്തം കോഴിക്കോടിന് പുതിയ അനുഭവമല്ല. ചെറുതും വലുതുമായ ഒട്ടേറെ തീപിടുത്തങ്ങള്‍ ഇതിനോടകം നഗരം കണ്ടു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 25 വലിയ തീപിടുത്തങ്ങള്‍ ഉണ്ടായി. ജയലക്ഷ്മി സില്‍ക്സില്‍ തന്നെ ഇത് രണ്ടാം തവണയാണ്. മിഠായിത്തെരുവില്‍ മാത്രം 6 തവണ തീപിടുത്തമുണ്ടായി. മെഡിക്കല്‍ കോളജില്‍ നാല് വട്ടം. പുതിയ സ്റ്റാന്‍ഡിലും പാളയത്തും വലിയങ്ങാടിയിലും കലക്ടറേറ്റിലും കോര്‍പ്പറേഷന്‍ മേഖലാ ഓഫിസിലുമെല്ലാം തീപിടിച്ചു. ഇത്രയൊക്കെയായിട്ടും ഇനി ഒരു തീപിടുത്തം നഗരത്തെ വിഴുങ്ങാതിരിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ ആകുമോ എന്ന് കോര്‍പ്പറേഷന്‍ ആലോചിച്ചിട്ടില്ല. അതിനിടെ ഉള്ള അഗ്നിരക്ഷാ യൂണിറ്റുകള്‍ വെട്ടിച്ചുരുക്കുകയും ചെയ്തു. ബീച്ചിലെ ഫയര്‍ സ്റ്റേഷനാണ് പൊളിച്ചടുക്കി രണ്ടാക്കിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉള്ള അത്യാധുനിക ഫയര്‍ എന്‍ജിന്‍ വാഹനം നഗരത്തിനും സ്വന്തമായി വേണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഫലമുണ്ടായിട്ടില്ല.
ഷോര്‍ട് സര്‍ക്കീറ്റ് ആണ് മിക്ക തീപിടുത്തങ്ങള്‍ക്കും കാരണമായി പറയുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കെട്ടിട നിര്‍മാണത്തിന് അനുമതി കൊടുക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.