സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഹൈടെക് പദവിയിലേക്ക് കുതിക്കുമ്പോഴും കോഴിക്കോട് പുതിയങ്ങാടി വില്ലേജ് ഓഫീസിന്റെ അവസ്ഥ ദയനീയമായി തുടരുന്നു. എലിയുടെയും മൂർഖൻ പാമ്പിന്റെയും ശല്യം കാരണം ഭീതിയോടെയാണ് ഉദ്യോഗസ്ഥർ ഇവിടെ ജോലി ചെയ്യുന്നത്. പുതിയ കെട്ടിടനിർമ്മാണത്തിനായി തുക അനുവദിച്ചിട്ടും തുടർനടപടികൾ വൈകുന്നത് പ്രതിഷേധത്തിന് കാരണമാകുന്നു.
ഇടുങ്ങിയ മുറികളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെയാണ് ജീവനക്കാർ പ്രവർത്തിക്കുന്നത്. അലക്കുതൊഴിലാളികൾക്ക് വിശ്രമിക്കാനായി കോർപ്പറേഷൻ വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച കെട്ടിടത്തിലാണ് 2020 മുതൽ വില്ലേജ് ഓഫീസ് പ്രവർത്തിച്ചു വരുന്നത്. അതിനുമുൻപ് പലയിടങ്ങളിലായി വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തനം. വില്ലേജ് ഓഫീസ് നിർമ്മാണത്തിനായി അഞ്ച് സെന്റ് സ്ഥലമാണ് കോർപ്പറേഷൻ റവന്യൂ വകുപ്പിന് വിട്ടുനൽകിയത്.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് പുതിയ കെട്ടിടത്തിനായി 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിലവിലെ കെട്ടിടം പൊളിച്ചുനീക്കി അതേ സ്ഥലത്ത് വേണം പുതിയ ഓഫീസ് നിർമ്മിക്കാൻ. എന്നാൽ ഓഫീസ് താത്കാലികമായി മറ്റൊരിടത്തേക്ക് മാറ്റാൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. മഴക്കാലമായാൽ ടാർപോളിൻ വിരിച്ച മേൽക്കൂരയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നതും ഫയലുകൾ നശിക്കാനിടയാക്കുന്നതും വലിയ പ്രതിസന്ധിയാണ്. പുതിയ കെട്ടിടത്തിനായി എത്രയും വേഗം നടപടി വേണമെന്നാണ് നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യം.