അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസവാര്‍ത്ത. രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ശസ്ത്രക്രിയ ആശുപത്രിക്ക് കോഴിക്കോട് നാളെ (ശനി) മുഖ്യമന്ത്രി തറക്കല്ലിടും. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ആശുപത്രി രണ്ടരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
ചേവായൂരിലെ 20 ഏക്കര്‍ സ്ഥലത്താണ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്‍റേഷന്‍ ഉയരുന്നത്. വര്‍ഷംതോറും 520 വൃക്ക, 320 കരള്‍, 50 ഹൃദയം, 40 ശ്വാസകോശം എന്നിവ മാറ്റിവെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മ്മാണം. ഇത് നിലവില്‍ വരുന്നതോടെ അവയവങ്ങള്‍ മാറ്റിവയ്ക്കലിനുള്ള കാലതാമസം ഒഴിവാകുകയും ചെലവ് മൂന്നിലൊന്നായി കുറയുകയും ചെയ്യും
ആദ്യഘട്ടത്തില്‍ ഐസിയു, എച്ച്ഡിയു സൗകര്യങ്ങള്‍, ഡയാലിസിസ് സെന്‍റര്‍ , 10 ഓപ്പേറഷന്‍ തിയേറ്റുകള്‍,14 സ്‍പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്മെന്‍റുകള്‍ എന്നിവ ഒരുക്കും. ഗവേഷണകേന്ദ്രവും സെല്‍ ആന്‍ഡ് ടിഷ്യൂ എന്‍ജീനിയറിങ് സെന്‍ററും ഇന്‍സിറ്റ്യൂട്ടിലുണ്ടാവും.
31 അക്കാദമിക് കോഴ്സുകളും കേന്ദ്രത്തില്‍ ആരംഭിക്കും. ആദ്യഘട്ടത്തിലെ നിര്‍മാണ് ചെലവ് 299 കോടിയാണ്. ഇതിന് പുറമേ ഉപകരണങ്ങള്‍ക്കായി 99 കോടിയും നീക്കിവെച്ചിട്ടുണ്ട്.