നിലച്ച് പോകാനൊരുങ്ങുന്ന ശ്വാസം എങ്ങനെയും നിലനിര്‍ത്താന്‍ സഹായം തേടി ഒരു പെണ്‍കുട്ടി ചെന്നൈയിലെ ആശുപത്രിയില്‍ കാത്തിരിപ്പുണ്ട്. തിരുവനന്തപുരം പിരപ്പന്‍കോട് സ്വദേശി രാജേഷ്-മഞ്ജു ദമ്പതികളുടെ മകള്‍ മഞ്ജുലികയാണ് അടിയന്തര ശ്വാസകോശമാറ്റ ശസ്ത്രക്രിയ കാത്തുകഴിയുന്നത്.

12 വര്‍ഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞിന്‍റെ അവസ്ഥയോര്‍ത്ത് കരഞ്ഞു കരഞ്ഞ് കണ്ണീര്‍ പോലും വറ്റി വരണ്ടുപോയി അച്ഛനും അമ്മയ്ക്കും. രണ്ടുമാസം മുന്‍പ് ജലദോഷത്തിന്‍റെ രൂപത്തിലാണ് രോഗമെത്തിയത്. പിന്നാലെ ശ്വാസതടസവും. കടുത്ത ന്യൂമോണിയ കാരണം ശ്വാസകോശ ഭിത്തികള്‍ തകര്‍ന്നതായി പരിശോധനയില്‍ കണ്ടെത്തി. ഒരുമാസം ഐസിയുവില്‍ കഴിഞ്ഞു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനിടയിലും അവള്‍ കഥയും കവിതയുമെഴുതി. മനസില്‍ വിരിഞ്ഞ ചിത്രങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തി.

ആരോഗ്യനിലയില്‍ മാറ്റമില്ലാതായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും ചികില്‍സ നടത്തി. ശ്വാസകോശം മാറ്റിവയ്ക്കുക മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് അപ്പോളോയില്‍ എത്തിച്ചത്. 88 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കും ചികില്‍സയ്ക്കുമായി വേണ്ടത്. 30 ലക്ഷത്തോളം രൂപ ഇതിനോടകം ചെലവായി. ദിവസവും കുറഞ്ഞത് ഒന്നരലക്ഷത്തിലേറെ ചെലവുണ്ട്. വിവിധ സംഘനടകളും നാട്ടുകാരും മറ്റും നല്‍കിയ സംഭാവനകള്‍  വഴിയാണ് ഇതുവരെ ചെലവുകള്‍ നടത്തിയത്. ഇനി മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് മഞ്ജുലികയുടെ മാതാപിതാക്കള്‍. ജീവിതത്തിലേക്ക് തങ്ങളുടെ ജീവനെ തിരിച്ചുകൊണ്ടുവരാന്‍ സുമനസുകള്‍  തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Family Seeks Urgent Help for Daughter's Lung Surgery:

A young girl awaits a life-saving lung transplant in Chennai, her parents desperate for assistance. The family is facing immense financial strain due to the urgent and ongoing medical expenses for her critical respiratory condition