കോഴിക്കോട് ബീച്ചാശുപത്രിയില്‍ അന്‍പത് ലക്ഷത്തോളം രൂപ ചെലവഴിച്ച് ഹാള്‍ നവീകരിച്ചതില്‍ ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. വിശദമായ അന്വേഷണം വേണമെന്ന പ്രാഥമിക റിപ്പോര്‍ട്ടിലെ ശുപാര്‍ശ ഉന്നത ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു
ഡിഎന്‍ബി ഹാള്‍ നവീകരണത്തില്‍ വ്യാപക അഴിമതി നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കഴിഞ്ഞ മേയില്‍ മിന്നല്‍ പരിശോധന നടത്തിയത്. നിര്‍മാണ ചുമതലയുണ്ടായിരുന്ന നിര്‍മിതി കേന്ദ്രയുടെ കോഴിക്കോട് ഒാഫീസില്‍ നടത്തിയ പരിശോധനയിലാണ് തുക അനുവദിച്ചതിലടക്കം ചട്ട ലംഘനം കണ്ടത്. ഇത്തരം നിര്‍മാണങ്ങള്‍ക്ക് തുക മുന്‍കൂര്‍ നല്‍കരുതെന്നാണ് ചട്ടമെങ്കിലും നിര്‍മിതി കേന്ദ്രയുടെ അക്കൗണ്ടിലേക്ക് പണം മുന്‍കൂര്‍ കൈമാറിയതായി രേഖകള്‍ വ്യക്തമാക്കുന്നു.ഇക്കാര്യത്തില്‍ ബീച്ചാശുപത്രി സൂപ്രണ്ട് ഇറക്കിയ ഉത്തരവുകളും ട്രഷറി ബില്ലുകളും പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മറ്റ് കണ്ടെത്തലുകള്‍ ഇവയാണ്. മെര്‍ഷമെന്‍റ് ബുക്കില്‍ ഹാള്‍ പൊളിക്കുന്നതിന് മുമ്പുള്ള അളവുകള്‍ രേഖപ്പെടുത്തിയിട്ടില്ല. തടി ജനല്‍ ഫ്രെയിമുകള്‍, ഗ്ലാസ് വാതിലുകള്‍ എന്നിവ പഴയത് തന്നെ നിലനിര്‍ത്തിയപ്പോള്‍ മെര്‍ഷര്‍മെന്‍റ് ബുക്കില്‍ പുതിയത് സ്ഥാപിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മെഷര്‍മെന്‍റ് ബുക്കില്‍ പറയുന്നതുപോലെ ഉയര്‍ന്ന നിലവാരമുള്ള കണ്ണാടികളല്ല ഹാളില്‍ സ്ഥാപിച്ചിരിക്കുന്നത്. പടിക്കെട്ട് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളും ഗുണനിലവാരമില്ലാത്തതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിന്നല്‍ പരിശോധനയില്‍ ഏഴ് ക്രമക്കേടുകള്‍ പ്രഥമ ദൃഷ്ട്യാ കാണുന്നുണ്ടെന്നും ഇതിന്റ വ്യാപ്തി അറിയാന്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നും ഇതിനായി അനുമതി ലഭ്യമാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നുണ്ട്.
ആറുമാസം കഴിഞ്ഞു അന്വേഷണ ഉദ്യോഗസ്ഥന്‍ ഉത്തരമേഖല സൂപ്രണ്ടിന് ഈ റിപ്പോര്‍ട്ട് കൈമാറിയിട്ട്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടുന്ന ആശുപത്രി വികസന സമിതിയടക്കം ഉത്തരം പറയേണ്ടി വരുമെന്ന് ഉറപ്പായതോടെ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം തുടരന്വേഷണം മരവിപ്പിച്ചതാണെന്നാണ് സൂചന.