കോഴിക്കോട് തിരുവമ്പാടി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പൊതു സ്വതന്ത്രനെ നിര്‍ത്താനുള്ള നീക്കം സജീവം. എല്‍ഡിഎഫില്‍ നിന്ന് മണ്ഡലം പിടിച്ചെടുക്കാന്‍ പറ്റിയ സ്ഥാനാര്‍ഥിയെങ്കില്‍ സീറ്റ് വിട്ടുകൊടുക്കാന്‍ മുസ്ലിം ലീഗും തയ്യാറാകും. സിഎംപിയുടെ സിപി ജോണിനാണ് സാധ്യത കൂടുതല്‍.
തിരുവമ്പാടി വിട്ടുനല്‍കുന്ന പ്രശ്നമുദിക്കുന്നില്ലെന്നും അവിടെ ലീഗ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കുമെന്നും ജില്ലാ പ്രസിഡന്‍റ എംഎ റസാഖ് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും മുന്നണി മര്യാദയുടെ ഭാഗമായി ഒടുവില്‍ സീറ്റ് വിട്ടുനല്‍കേണ്ട സാഹചര്യത്തിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. യുഡിഎഫ് സെക്രട്ടറി കൂടിയായ സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണിന് ജയസാധ്യതയുള്ള സീറ്റ് തന്നെ നല്‍കണമെന്നാണ് പൊതുവികാരം.
തിരുവനന്തപുരമാണ് സിപി ജോണിനായി സിഎംപി ചോദിക്കുന്നതെങ്കിലും തിരുവമ്പാടിയില്‍ കുറച്ചുകൂടി അനുകൂലമാണ് സാഹചര്യം എന്നാണ് വിലയിരുത്തല്‍. സിപി ജോണിന് വേണ്ടിയാണെങ്കില്‍ ലീഗും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകും. കഴിഞ്ഞ രണ്ട് തവണയും ചെറിയ വോട്ടുകള്‍ക്കാണ് മണ്ഡലത്തിലെ യുഡിഎഫ് തോല്‍വി. 2021ല്‍ 4643 വോട്ടുകള്‍ക്കാണ് ലിഗിലെ സിപി ചെറിയ മുഹമ്മദ് തോറ്റത്. 2016ല്‍ 3008 വോട്ടുകള്‍ക്കും യുഡിഎഫ് തോറ്റു. ഇത്തവണ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥി എത്തിയാല്‍ വിജയം കൂടെപോരുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. അതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് പൊതുസ്വതന്ത്രനെ നിര്‍ത്തി മണ്ഡലം പിടിക്കാനുള്ള നീക്കം.