കോഴിക്കോട് തിരുവമ്പാടി സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസും മുസ്ലിം ലീഗും പോരിലേയ്ക്ക്. തിരുവമ്പാടി വിട്ടുനല്‍കാനാകില്ലെന്ന് ജില്ലാ പ്രസിഡന്‍റ് എംഎ റസാഖ് മനോരമ ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് സൗത്തിലേയ്ക്ക് എം.കെ. മുനീര്‍ തിരിച്ചുവന്നേക്കും. പകരം കൊടുവള്ളിയില്‍ പികെ ഫിറോസിനാണ് സാധ്യത.
ലീഗും കോണ്‍ഗ്രസും പരസ്പരം വച്ചുമാറുന്നതില്‍ പ്രധാന മണ്ഡലമായിട്ടാണ് തിരുവമ്പാടിയെ കണക്കാക്കുന്നത്. എന്നാല്‍ തിരുവമ്പാടിക്ക് വേണ്ടിയുള്ള വെള്ളമങ്ങ് വാങ്ങിവക്കാനാണ് ലീഗ് കോണ്‍ഗ്രസിനോട് പറയാതെ പറയുന്നത്. കോണ്‍ഗ്രസിനും ലീഗിനും നല്ല വേരോട്ടമുള്ള മണ്ണില്‍ 2011ന് ശേഷം യുഡിഎഫിന് ജയിക്കാനായിട്ടില്ല. അതിനാല്‍ തന്നെ മണ്ഡലം ഏറ്റെടുത്ത് ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ചാല്‍ ജയിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍.
എന്നാല്‍ ഭരണവിരുദ്ധവികാരം ശക്തമായ സാഹചര്യത്തില്‍ ഇത്തവണ സീറ്റ് പിടിച്ചെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് ലീഗും കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ കൈവിട്ടുപോയ കോഴിക്കോട് സൗത്ത് തിരിച്ചുപിടിക്കാന്‍ എം.കെ. മുനീറിനെ രംഗത്തിറക്കിയേക്കും. എന്നാല്‍ ഇതിന് മുനീര്‍ പൂര്‍ണസമ്മതം അറിയിച്ചിട്ടല്ല. മുനീര്‍ കൊടുവളളി വിട്ടാല്‍ പി.കെ. ഫിറോസിനാണ് സാധ്യത. ഫിറോസ് കുന്ദമംഗലത്തിനായും കണ്ണുവച്ചിട്ടുണ്ടെന്നാണ് അറിവ്.
പേരാമ്പ്രയില്‍ പ്രധാന നേതാക്കള്‍ തന്നെ സ്ഥാനാര്‍ഥിയായെത്തും. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ലയല്ലാതെ മറ്റു പേരുകള്‍ ഒന്നും നിലവില്‍ നേതൃത്വത്തിന്‍റെ പരിഗണയില്‍ ഇല്ല. ജില്ലയിലേതെങ്കിലും സീറ്റില്‍ മല്‍സരിക്കുമെന്ന് കരുതിയിരുന്ന കെ.എം. ഷാജി കാസര്‍കോടാകും ഇറങ്ങുക.