താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരത്തിന്. രണ്ട് വര്‍ഷം മുമ്പ് തീരുമാനിച്ച പരിഹാര നടപടികള്‍ പോലും കലക്ടര്‍ നടപ്പാക്കിയില്ലെന്ന് ആരോപിച്ചാണ് വയനാട്ടിലെ എംഎല്‍എമാരായ ടി സിദ്ധിഖും ഐ സി ബാലകൃഷ്ണനും നാളെ (ചൊവ്വ) കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ രാപ്പകല്‍ സമരമിരിക്കുന്നത്.
അവധിക്കാലം ആരംഭിച്ചതോടെ താമരശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പകല്‍സമയത്ത് വലിയ ചരക്ക് വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും കാര്യമായ ഫലമില്ല. ചുരത്തിലെ കുരുക്ക് ഒഴിവാക്കാന്‍ മുമ്പ് എടുത്ത തീരുമാനങ്ങള്‍ കോഴിക്കോട് കലക്ടര്‍ നടപ്പാക്കിയിരുന്നെങ്കില്‍ ജനങ്ങള്‍ ഇപ്പോള്‍ ദുരിതം അനുഭവിക്കേണ്ടി വരില്ലായാരുന്നുവെന്നാണ് കോണ്‍ഗ്രസിന്റ ആരോപണം.
അതേസമയം ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകള്‍ ഇപ്പോള്‍ വീതി കൂട്ടുന്ന ജോലികള്‍ നടക്കുകയാണ്. ഇതിനിടെ കോണ്‍ഗ്രസ് സമരം നടത്തുന്ന രാഷ്ട്രീയലക്ഷ്യമിട്ടാണെന്ന ആക്ഷേപവും ശക്തമാണ്. എന്നാല്‍ വളവിലെ പ്രശ്നം പരിഹരിച്ചതുകൊണ്ട് മാത്രം യാത്രക്കാരുടെ ദുരിതം മാറില്ലെന്നാണ് കോണ്‍ഗ്രസിന്റ വാദം കോഴിക്കോട് കലക്ടര്‍ താമരശേരി ചുരത്തെ മനപൂര്‍വം അവഗണിക്കുകയാണെന്നും കോണ്‍ഗ്രസ് എംഎല്‍ഏമാര്‍ ആരോപിക്കുന്നു.