നിലവിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആയ എസ്. ജയശ്രീ കോഴിക്കോട് മേയറായേക്കും. എല്‍ഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയായ സി.പി മുസാഫിര്‍ തോറ്റതോടെ ജയശ്രീ അല്ലാതെ മറ്റു പേരുകള്‍ നിലവില്‍ ആലോചനയിലില്ല. 2020ലും ജയശ്രീയെ മേയറാക്കാന്‍ ആദ്യഘട്ടത്തില്‍ ചര്‍ച്ച നടന്നിരുന്നു. പിന്നീടാണ് ബീനാഫിലിപ്പിലേയ്ക്ക് എത്തിയത്.
മീഞ്ചന്തയില്‍ രാപ്പകല്‍ വിശ്രമമില്ലാതെ പ്രചാരണം നടത്തിയിട്ടും എല്‍ഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയായ സി.പി മുസാഫിര്‍ തോറ്റത് സിപിഎം കേന്ദ്രങ്ങളില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്. ഇതോടെയാണ് മേയര്‍ സ്ഥാനത്തേയ്ക്ക് മറ്റു പേരുകള്‍ ചര്‍ച്ചയിലേയ്ക്ക് വന്നത്. കോട്ടൂളി ഡിവിഷനില്‍ നിന്ന് ജയിച്ചുകയറിയ എസ്. ജയശ്രീ സിപിഎം കൗണ്‍സിലര്‍മാരില്‍ പരിചിതമുഖമാണ്. ആരോഗ്യസ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്ന നിലയിലും മികച്ച പ്രകടനം കാഴ്ച്ചവച്ചതിനാല്‍ മേയര്‍ സ്ഥാനാത്തേയ്ക്ക് ജയശ്രീക്കാണ് മുഖ്യപരിഗണന. മറ്റു ചര്‍ച്ചകള്‍ വന്നാല്‍ വേങ്ങേരിയില്‍ നിന്ന് ജയിച്ച ഒ സദാശിവനും വിദൂര സാധ്യത കല്‍പ്പിക്കുന്നുണ്ട്.
മുന്‍ ഡപ്യൂട്ടി കലക്ടര്‍ ഇ. അനിത കുമാരിയെ ഡപ്യൂട്ടി മേയറാക്കാനാണ് ക ആലോചന. കോവിഡ്, നിപ സമയത്ത് മികച്ച രീതിയില്‍ ഏകോപനം നിര്‍വഹിച്ച അനിത കുമാരിക്ക് ഡപ്യൂട്ടി മേയറായി തിളങ്ങാന്‍ സാധിക്കുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. ഡപ്യൂട്ടി മേയറാകാന്‍ മറ്റു പേരുകളൊന്നും ഉയര്‍ന്നുവരാത്തതും അനിതകുമാരിക്ക് നേട്ടമാകും.