കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം, ഏറാമല, അഴിയൂര്‍ പഞ്ചായത്തുകള്‍ തദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പ്രധാന്യം കൊണ്ട് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മിനെതിരെ ലഘുലേഖ വിതരണം ചെയ്താണ് ടി.പി ചന്ദ്രശേഖരന്‍റെ ആര്‍എംപിയുടെ പ്രചരണം. അതേ സമയം ആര്‍എംപി വിട്ട് തിരികെ പാര്‍ട്ടിയില്‍ എത്തിയവരാണ് സിപിഎമ്മിന് ആത്മവിശ്വസം പകരുന്നത്.
വികസനത്തിന് ഒപ്പം ശക്തമായ രാഷ്ട്രീയം കൂടി ഇവിടെ ചര്‍ച്ചയാകുന്നുണ്ട്. ഒഞ്ചിയത്തിനും, ഏറാമലയ്ക്കും, അഴിയൂരിനും പുറമെ ചോറോട് പഞ്ചായത്ത് കൂടി പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ആര്‍എംപി. ശബരിമല സ്വര്‍ണക്കൊള്ളയാണ് സിപിഎമ്മിനെതിരെ ആര്‍എംപി ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പ്രധാനം. സ്വര്‍ണക്കൊള്ളയില്‍ സിപിഎം പങ്കിനെ കുറിച്ച് വീടുകളില്‍ ലഘുലേഖ വിതരണം ചെയ്ത് താഴെ തട്ടില്‍ വിഷയം ചര്‍ച്ചയാക്കുന്നുമുണ്ട്.
ഇത്തവണയും യുഡിഎഫുമായി കൈകോര്‍ത്താണ് ആര്‍എംപിയുടെ പോരാട്ടം. രണ്ടുപതിറ്റാണ്ടിലേറെയായി നഷ്ടപ്പെട്ട ശക്തികേന്ദ്രങ്ങള്‍ തിരിച്ചുപിടിക്കേണ്ടത് സിപിഎമ്മിനും അനിവാര്യം. അടുത്ത കാലത്ത് ആര്‍എംപി വിട്ട് നിരവധിപേര്‍ തിരികെ എത്തിയത് സിപിഎമ്മിന്‍റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. കഴിഞ്ഞതവണ ഒറ്റ സീറ്റിലാണ് ഒഞ്ചിയത്തിന്‍റെ ഭരണം ആര്‍എംപി നിലനിര്‍ത്തിയത്.