ഇരുപത്തിയൊന്നാം വയസില്‍ കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്‍റായ പി. ശാരുതിയുടെ ഇത്തവണത്തെ മത്സരം കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കാണ്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇത്തവണ എല്‍ഡിഎഫ് പരിഗണിക്കുന്ന പേരുകളിലൊന്നും ശാരുതിയുടേതാണ്.
കോവിഡ് കാലം. ഒളവണ്ണയിലെ റേഷന്‍ കടക്കാരന് കോവിഡ് ബാധിച്ചു. പലരുടേയും അന്നം മുടങ്ങുമെന്ന അവസ്ഥ. ഇതോടെ ശാരുതി റേഷന്‍ കടയുടെ ചുമതല ഏറ്റെടുത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളിയായി. പിന്നാലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ശാരുതി ജയിച്ചു കയറിയത് ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്കാണ്. ഈ ആത്മവിശ്വാസമാണ് ഇത്തവണയും കൈമുതല്‍
ഭരണനേട്ടങ്ങള്‍ എണ്ണിപറഞ്ഞാണ് പ്രചാരണം. പന്തീരാങ്കാവ് ഡിവിഷന്‍ എല്‍ഡിഎഫിന്റ സിറ്റിങ് സീറ്റാണെങ്കിലും വാര്‍ഡ് വിഭജനം വന്നതോടെ ശക്തമായ പോരാട്ടമാണ്. ജയിച്ചാല്‍ പ്രസിഡന്റ് പദവിയും ശാരുതിയെ തേടിയെത്തിയേക്കാം. കേന്ദ്ര പഞ്ചായത്ത് മന്ത്രാലയത്തിന്‍റെ എ ഗ്രേഡ് നേടിയ സംസ്ഥാനത്തെ ഏക പഞ്ചായത്ത് ഒളവണ്ണയായിരുന്നു. ഇതും ഇത്തവണ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ശാരുതി.