TOPICS COVERED

കോഴിക്കോട് മിഠായിത്തെരുവിന് സമീപത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വേണ്ടിയാരംഭിച്ച റോഡ് നവീകരണം നിലച്ചു. ആഴ്ചകളായി ഇവിടെ പണിയുമില്ല പണിക്കാരുമില്ലാത്ത അവസ്ഥയാണ്. റോഡ് പൊളിച്ചിട്ടിരിക്കുന്നതു കാരണം യാത്രക്കാരും ബുദ്ധിമുട്ടുകയാണ്. 

നഗരത്തില്‍ മഴപെയ്താല്‍ പതിവായി വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലമാണ് മിഠായിത്തെരുവിന് മുന്‍പിലെ ഈ റോഡ്. അതിന് പരിഹാരമായി റോഡ് നവീകരണം തുടങ്ങി. എന്നാല്‍ ഒന്നരമാസം പിന്നിടുമ്പോള്‍,  നിലവില്‍ ഇവിടെ പണിക്കാരുമില്ല, പ്രവൃത്തിയൊന്നും നടക്കുന്നതുമില്ല.

റോഡ് ഉയര്‍ത്തി ഇന്‍ര്‍ലോക്ക് ഇടാനും, ഓവുചാല്‍ നവീകരിക്കാനുമാണ് കോര്‍പറേഷന്‍ തീരുമാനിച്ചത്. ആദ്യ ഘട്ടത്തില്‍ തന്നെ പട്ടാളപ്പള്ളി ജംങ്ഷന്‍ മുതല്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജംങ്ഷന്‍ വരെയുള്ള റോ‍ഡ് അടച്ചു. ഉണ്ടായിരുന്ന റോഡ് പൊളിച്ച് നിരപ്പാക്കി, മുകളില്‍ നിരത്താന്‍ മെറ്റലും കൊണ്ടിട്ടു.  തുടക്കത്തില്‍ പണികള്‍ വേഗത്തിലായിരുന്നെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി ഒന്നും നടക്കുന്നില്ല. 

കൂട്ടിയിട്ട മെറ്റലും റോഡിലെ മണ്‍കൂനയും കാല്‍നട പോലും ബുദ്ധിമുട്ടിലാക്കി. സ്വകാര്യ ബസുകള്‍ ഈ ഭാഗത്തേക്ക് വരാതായതോടെ യാത്രക്കാരുമില്ല, കച്ചവടവുമില്ല. ക്വാറി സമരം കാരണം നിര്‍മാണ സാമഗ്രികള്‍ കിട്ടാതെ വരുന്നതാണ്  പണി വൈകാന്‍ കാരണമെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്. 

ENGLISH SUMMARY:

Kozhikode road construction faces delays near Midayitheruvu, causing inconvenience to commuters. The road renovation, intended to solve waterlogging issues, has been stalled, disrupting daily life.