bank-news

TOPICS COVERED

കോഴിക്കോട് കാരശേരി ബാങ്കിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര ക്രമക്കേടുകള്‍. ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹ്മാന്‍റെ വഴിവിട്ട നീക്കങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങളും ഡയറക്ടര്‍മാരും ഹൈക്കോടതിയെ സമീപിച്ചു. 

ചേവായൂര്‍ ബാങ്ക് പിടിച്ചെടുത്തത് പോലെ കാരശേരി ബാങ്കും കൈപ്പിടിയിലൊതുക്കാനാണ് സിപിഎം നീക്കമെന്ന് യുഡിഎഫ് സംശയം ഉന്നയിക്കുന്നതിനിടെയാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ ക്രമക്കേടുകള്‍ ഒരോന്നായി പുറത്തുവരുന്നത്. 66 കോടി രൂപ വരുമാനമുള്ള ബാങ്കിന്‍റെ ചിലവ് 77 കോടി രൂപയാണ്. 

ചിലവ് കര്‍ശനമായി നിയന്ത്രിക്കണമെന്ന നിര്‍ദേശം കാറ്റില്‍പറത്തി 11 കോടിയുടെ അധിക ചിലവുണ്ടാക്കി. മാനദണ്ഡങ്ങള്‍ പാലിക്കാതെ പലര്‍ക്കും വന്‍തുക വായ്പ നല്‍കി. വസ്തുവിന്‍റെ ഈടില്‍ ബന്ധുക്കള്‍ക്ക് പോലും വായ്പ നല്‍കിയത് വാരിക്കോരിയാണ്. പലതും തിരിച്ചടവ് മുടങ്ങിയെങ്കിലും പണം തിരിച്ചുപിടിക്കാന്‍ നിര്‍വാഹമില്ല. നിലവിലെ ആസ്തി കണക്കാക്കുമ്പോള്‍ മുഴുവന്‍ വിറ്റാലും ബാധ്യതകള്‍ തീര്‍ക്കാന്‍ കഴിയില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

ബാങ്ക് സിപിഎമ്മിന് കൈമാറാന്‍ നീക്കം നടക്കുന്നുവെന്ന് ആരോപണമുയരുമ്പോള്‍ സംശയമുന ചെയര്‍മാന്‍ എന്‍കെ അബ്ദുറഹ്മാന്‍റെ നേര്‍ക്കാണ്. ബാധ്യത തീര്‍ക്കാന്‍ കോഴ വാങ്ങി സിപിഎമ്മിന് കൈമാറാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഒറ്റ രാത്രി കൊണ്ട് എണ്ണൂറിലധികം പുതിയ അംഗങ്ങളെ ചേര്‍ത്തതെന്നും നിലവിലെ ഭരണസമിതിയും അംഗങ്ങളും സംശയിക്കുന്നു. ​അതേസമയം ആരോപണവിധേയനായ ചെയര്‍മാന്‍ എന്‍കെ അബ്ദുറഹ്മാന്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല. 

ENGLISH SUMMARY:

Koduvally Bank fraud uncovers significant irregularities in the audit report of a bank in Kozhikode, Kerala. Allegations of financial mismanagement and a potential CPM takeover attempt are under investigation, with a missing chairman raising further concerns.