online-fraud-delhi

ബാങ്ക് ഉദ്യോഗസ്ഥന്‍മാര്‍ക്കും ഡിജിറ്റല്‍ തട്ടിപ്പുകളില്‍ നിന്നും രക്ഷയില്ലേയെന്ന ചോദ്യമുയര്‍ത്തുന്ന സംഭവങ്ങളാണ് രാജ്യ തലസ്ഥാനത്തുനിന്നും കേള്‍ക്കുന്നത്. ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് മുന്‍ ബാങ്ക് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് സൈബര്‍തട്ടിപ്പുസംഘം കൈക്കലാക്കിയത് 23കോടി രൂപ. കൂടാതെ ആരോടും സംസാരിക്കാനോ പുറത്തിറങ്ങാനോ അനുവദിക്കാതെ ഡല്‍ഹിയിലെ വീട്ടില്‍ ഡിജിറ്റല്‍ അറസ്റ്റെന്ന പേരില്‍ തടവിലാക്കിയത് 47 ദിവസങ്ങള്‍. 

സൗത്ത് ഡൽഹിയിലെ ഗുൽമോഹർ പാർക്കിൽ ഒറ്റയ്ക്ക് താമസിക്കുന്ന മുൻ ബാങ്ക് ഉദ്യോഗസ്ഥനായ നരേഷ് മൽഹോത്രയെ ആണ് തട്ടിപ്പുസംഘം കബളിപ്പിച്ചത്. ടെലികോം ഓപ്പറേറ്റർമാരും അന്വേഷണ ഏജൻസി പ്രതിനിധികളുമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മല്‍ഹോത്രയുടെ ആധാര്‍ നമ്പറും  ലാന്‍ഡ്‌ലൈന്‍ നമ്പറും ചോര്‍ത്തി ചില തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചെന്ന് കണ്ടെത്തിയെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പുകാര്‍ തന്ത്രങ്ങള്‍ മെനഞ്ഞത്. ഇതുമായി ബന്ധപ്പെട്ട തുടര്‍ന്നുള്ള പരിശോധനകള്‍ക്കായി ആസ്തികള്‍ വില്‍ക്കാനും പണം കൈമാറാനും ഈ സംഘം നിര്‍ബന്ധിച്ചെന്നും മല്‍ഹോത്ര പറയുന്നു.

ഓഗസ്റ്റ് ഒന്നിനാണ് സംഭവങ്ങളുടെ തുടക്കം. എയർടെൽ പ്രതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സ്ത്രീയാണ് ആദ്യം വിളിച്ച് ഇദ്ദേഹത്തിന്റെ ഫോണ്‍നമ്പര്‍ ഉപയോഗിച്ച് മറ്റാരോ മുംബൈയിൽ നിരവധി ബാങ്ക് അക്കൗണ്ടുകൾ തുറന്നതായി അറിയിക്കുന്നത്. ഈ അക്കൗണ്ടുകൾ പുൽവാമയുമായി ബന്ധപ്പെട്ട 1,300 കോടി രൂപയുടെ തീവ്രവാദ ധനസഹായ കേസുമായി ബന്ധപ്പെട്ടതാണെന്നും അവകാശപ്പെട്ടു. 

മല്‍ഹോത്ര നിരീക്ഷണത്തിലാണെന്നും ദേശീയ അന്വേഷണ ഏജൻസി നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുമെന്നും അറിയിച്ചു. മുംബൈ പോലീസ് ഉദ്യോഗസ്ഥരെന്ന് നടിച്ച് മറ്റ് ചിലരുമായി അദ്ദേഹത്തെ ബന്ധിപ്പിച്ച ശേഷം വീഡിയോ കോളിൽ ചേരാനും നിലവിലുള്ള പരിശോധനകളുമായി സഹകരിക്കാനും ഈ സ്ത്രീ നിര്‍ദേശിച്ചു. ഉദ്യോഗസ്ഥരെന്ന രീതിയില്‍ വിഡിയോകോളില്‍ വന്ന് വീട്, ബാങ്ക് അക്കൗണ്ടുകൾ,സ്ഥിര നിക്ഷേപങ്ങൾ,ഓഹരികൾ,ലോക്കറുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത,സാമ്പത്തിക വിവരങ്ങൾ നല്‍കുവാനും ആവശ്യപ്പെട്ടു. 

കുറ്റപത്രത്തിന്റേയും അറസ്റ്റ് വാറന്റിന്റേയും വ്യാജരേഖകളും മല്‍ഹോത്രയ്ക്ക് നല്‍കി. ആറുമാസത്തോളം തടവിലായേക്കുമെന്നും ആരോടെങ്കിലും സംസാരിച്ചാൽ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്നും സംഘം മുന്നറിയിപ്പ് നൽകിയെന്ന് മല്‍ഹോത്ര ഇന്ത്യാ ടുഡേയോട് വെളിപ്പെടുത്തി. നിരീക്ഷണത്തിലാണെന്ന് വിശ്വസിച്ച് മൽഹോത്ര വിളിച്ചവർ നൽകിയ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടിരുന്നു. ഓഗസ്റ്റ് നാലിന് ഓഹരി നിക്ഷേപങ്ങൾ വിൽക്കുകയും അതിൽ നിന്ന് ലഭിച്ച കോടികള്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തു. 

ENGLISH SUMMARY:

Cyber fraud is a serious threat, even to bank employees, as evidenced by the recent 23 crore rupees scam targeting a former bank official. The victim was also subjected to a 47-day digital arrest, highlighting the sophistication of these cybercriminals.