കോഴിക്കോട് മലാപ്പറമ്പ് ഫ്ലാറ്റ് കേന്ദ്രീകരിച്ചു അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തിൽ 2 പൊലീസ് ഡ്രൈവർമാർ ഉൾപ്പെടെ 12 പേർക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ജില്ലാ പൊലീസ് ആസ്ഥാനത്തെ ഡ്രൈവർമാരായിരുന്ന കെ. ഷൈജിത്തും കെ. സനിത്തും ഇടപാടുകാരെ അനാശാസ്യ കേന്ദ്രത്തിൽ എത്തിക്കുന്ന ഇടനിലക്കാരായി പ്രവർത്തിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് നടക്കാവ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
കഴിഞ്ഞ ജൂൺ 6 നാണ് നടക്കാവ് പൊലീസ് സംഘം മലാപ്പറമ്പ് 'ഗാർഡനീയ' ഫ്ലാറ്റിൽ മിന്നൽ പരിശോധന നടത്തി അനാശാസ്യ സംഘത്തിലെ 9 പേരെ പിടികൂടിയത്.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് 2 പൊലീസ് ഡ്രൈവര്‍മാരും സംഘത്തിലുണ്ടെന്ന് വ്യക്തമായത്. അനാശാസ്യ പ്രവര്‍ത്തിക്കായി കെട്ടിടം വാടകയ്ക്കെടുത്ത വിദേശത്തുള്ള എംകെ അനിമീഷിനെ അറസ്റ്റ് ചെയ്തില്ലെന്നും കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷ് നൽകിയ കുറ്റപത്രത്തിൽ പറയുന്നു.
11,12 പ്രതികളായ പൊലീസുകാർ ഇടപാടുകാരെ അനാശാസ്യ കേന്ദ്രത്തിൽ എത്തിക്കുന്ന ഇടനിലക്കാരായി പ്രവർത്തിച്ചെന്നും, ഇതു വഴി ധനം സമ്പാദിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. മാത്രമല്ല, ഒന്നാം പ്രതി മുതൽ 7 വരെയുള്ള പ്രതികളും 10 മുതൽ 12 വരെയുള്ള പ്രതികളും അനാശാസ്യ കേന്ദ്രത്തിൽ നിന്നുള്ള വരുമാനത്തിലൂടെ ധനം സമ്പാദിച്ചതായും റിപ്പോർട്ടിലു ഉണ്ട്. അറസ്റ്റിലായ പൊലീസുകാർക്കെതിരെ അന്വേഷണ സംഘം സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ രണ്ടു പൊലീസുകാരെ നേരത്തെ സേനയിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു.
ജൂൺ 11 ന് പൊലീസുകാരെ കേസിൽ പ്രതിചേർത്തു അന്വേഷണ സംഘം കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. ഇതോടെ ഇരുവരും മുങ്ങി.പ്രതികൾ മുൻകൂർ ജാമ്യത്തിനായി ജില്ലാ കോടതിയിൽ ശ്രമം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് നഗരത്തിൽ പ്രതികളുമായി ബന്ധപ്പെട്ടവരുടെ വാഹനങ്ങൾ നിരീക്ഷിച്ചു. 6 ദിവസം കൊണ്ട് താമരശ്ശേരി കോരങ്ങോട്ടെ പ്രതികളുടെ സുഹൃത്തിന്‍റെ ആൾത്താമസമില്ലാത്ത വീടിനു മുകളിലെ ഒളിസങ്കേതത്തിൽ നിന്നു പൊലീസ് ഡ്രൈവർമാരെ പിടികൂടുകയായിരുന്നു.