koduvally

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊടുവള്ളി നഗര സഭയിലേക്ക് മത്സരിച്ച് പൂജ്യം വോട്ട് നേടിയ ഒപി റഷീദ് ഇത്തവണയും മത്സര രംഗത്തുണ്ട്. കാരാട്ട് ഫൈസലിന് വിജയിക്കാൻ വേണ്ടി എൽഡിഎഫ് ഒരുക്കിയ തന്ത്രമാണ് തൻ്റെ തോൽവിയെന്നാണ് സന്തോഷത്തോടെ റഷീദ് പറയുന്നത്. ഇത്തവണ പൂജ്യം വോട്ട് ആവർത്തിക്കില്ലെന്നും റഷീദ് മനോരമ ന്യൂസിനോട് പറഞ്ഞു.

2020 ലെ തദ്ദേശ തിരഞ്ഞടുപ്പിൽ ചുണ്ടപ്പുറം ഡിവിഷിനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ചത് കാരാട്ട് ഫൈസലിനെ, എന്നാൽ സ്വർണക്കടത്ത് കേസിലടക്കം ആരോപണം വിധേയനായ ഫൈസലിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നു. ഇതിനു പിന്നാലെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി നാഷണൽ യൂത്ത് ലീഗിനെ പ്രതിനിധീകരിച്ച് ഒപി റഷീദ് സ്ഥാനാർത്ഥിയാവുന്നത്. എന്നാൽ ഒരു വോട്ടു പോലും റഷീദിന് കിട്ടിയില്ല. പൊതു സ്വതന്ത്രനായി മത്സരിച്ച് കാരാട്ട് ഫൈസൽ 82 വോട്ടിന് വിജയിക്കുകയും ചെയ്തു. പക്ഷേ ഇത് എൽഡിഎഫിൻ്റെ വിജയ തന്ത്രമായിരുന്നുവെന്നാണ് ഒപി റഷീദ് പറയുന്നത്.

കാരാട്ട് ഫൈസലിൻ്റെ സ്ഥാനാർത്ഥിത്വം എൽഡിഎഫ് മാറ്റിയെങ്കിലും ജനം മാറ്റിയില്ല. എൽഡിഎഫ് പ്രവർത്തകരും കമ്മിറ്റിയും ഫൈസലിനൊപ്പം ചേർന്നു. ഞാൻ മത്സരിച്ചത് തന്ത്രമായിരുന്നു. 0 വോട്ട് പ്ലാനിങ്ങിൻ്റെ ഭാഗമായിരുന്നു. അത് ഞങ്ങളുടെ വിജയമാൻ, ഞാൻ പ്രചാരണത്തിന് ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നുള്ളു. ഒരു വോട്ട് നേടിയാലും ഫൈസൽ  തോൽക്കുമായിരുന്നു. എന്നാൽ ഇത്തവണ കെടേക്കുന്നു ഡിവിഷനിൽ നിന്ന് മത്സരിച്ച് വിജയിക്കുമെന്ന് ഉറപ്പിക്കുന്നു ഒപി റഷീദ്.

കഴിഞ്ഞ തവണ ഒരു വോട്ടും നേടാതെ റഷീദ് വിജയിപ്പിച്ച ഫൈസൽ ഇപ്രാവശ്യം എൽഡിഎഫ് സ്വതന്ത്രനായാണ് സൗത്ത് കൊടുവള്ളിയിൽ നിന്ന് മത്സരിക്കുന്നത്. സ്വർണക്കടത്ത് കേസ് ഒക്കെ പോയെന്നാണ് ഫൈസലിൻ്റെ വാദം. സിപിഎമ്മും ഫൈസലിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രശ്നം ഒന്നും കാണുന്നില്ല.

ENGLISH SUMMARY:

OP Rasheed is contesting the local elections after securing zero votes in the previous election. He believes his previous loss was a strategic move by LDF to ensure Karatt Faisal's victory and this time he aims to win.