ചികില്‍സയിലിരിക്കെ മരിച്ച ഭര്‍ത്താവിന്‍റെ മൃതദേഹം സംസ്കരിക്കാന്‍ കഴിയാതെ വയോധികയായ ഭാര്യ. കോഴിക്കോട് മാങ്കാവ് സ്വദേശി ഗിരിജ അന്തര്‍ജനമാണ് നിസഹായാവസ്ഥയില്‍ കഴിയുന്നത്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വിട്ടുകിട്ടാന്‍ സന്നദ്ധസംഘടനകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിയമകുരുക്കും വെല്ലുവിളിയാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജിന്‍റെ മോര്‍ച്ചറി മുറ്റത്ത് ഭര്‍ത്താവിന്‍റെ മരവിച്ച മ്യതദേഹം കാത്ത് 71 വയസു പിന്നിട്ട ഗിരിജ അന്തര്‍ജനം കാത്തുനില്‍പ്പ് തുടങ്ങിയിട്ട് ദിവസം 18 കഴിഞ്ഞു. ജീവന്‍റെ പാതിയായവനെ ഒന്നുകൂടി കാണണം, ആചാര പ്രകാരം സംസ്കാരം നടത്തണം. കൊള്ളിവയ്ക്കാന്‍ മക്കളോ സഹായിക്കാന്‍ ബന്ധുക്കളോയില്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞമാസം 27ന് ആണ് 80 വയസുകാരന്‍ നീലകണ്ഠന്‍ നമ്പൂതിരി മരിച്ചത്.
അജ്ഞാത മൃതദേഹത്തിന്‍റെ പട്ടികയില്‍പ്പെടുത്തിയതു കൊണ്ട് മ്യതദേഹം വിട്ടു കിട്ടാന്‍ നിയമക്കുരുക്കുമുണ്ട്. ഒരുനേരത്തെ ഭക്ഷണം പോലും കഴിക്കാന്‍ ഇല്ലാതെയായ ഗിരിജയുടെ ദുരിതം കണ്ട സന്നദ്ധ സംഘടനകളാണ് അവര്‍ക്ക് തണലൊരുക്കുന്നത്.