TOPICS COVERED

കോഴിക്കോട് താമരശേരിയില്‍ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാന്‍റ് ഭാഗികമായി പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ പ്രതിഷേധം കടുപ്പിച്ച് സമരസമിതി. താമരശേരിയില്‍ പ്രതിഷേധ റാലിയും യോഗവും സംഘടിപ്പിച്ചു. ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്‍റ് അടച്ചു പൂട്ടുന്നത് വരെ സമരം തുടരുമെന്നാണ് സമരസമിതിയുടെ പ്രഖ്യാപനം. 

ഭരണ- പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രദേശ നേതാക്കളടക്കം സംസ്കാരിക സാമുദായിക രംഗത്ത്  നിന്നുള്ള പ്രമുഖരെ അണിനിരത്തിയായിരുന്ന ഫ്രഷ് കട്ട് വിരുദ്ധ സമരസമിതിയുടെ താമരശേരിയിലെ പ്രതിഷേധം. കാരടിയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയില്‍ നൂറു കണക്കിന് ആളുകള്‍ അണിനിരന്നു. സമരസമിതിക്കെതിരെയുള്ള  പൊലീസ് നടപടികള്‍ അവസാനിപ്പിക്കുന്നതുള്‍പ്പെടെ അനൂകൂല നിലപാടുകളുണ്ടായില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വരെ സമരം വ്യാപിപ്പിക്കുന്നാണ് മുന്നറിയിപ്പ്. 

അമ്പായത്തോട് പരിസരത്ത് നിരോധനാജ്ഞ നില നില്‍ക്കുന്നതിനാലാണ് പ്രതിഷേധം നഗരത്തിലേക്ക് മാറ്റിയത്. ഫ്രഷ് കട്ട് പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ പൊലീസ് സുരക്ഷ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഞായറാഴ്ച മുതലാണ് പ്ലാന്റ് ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. 

ENGLISH SUMMARY:

Fresh Cut waste plant protests are escalating in Thamarassery as the waste processing plant partially resumes operations. The action committee is intensifying their protest, vowing to continue until the plant is shut down permanently.