കോഴിക്കോട് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കാന്‍ ബിജെപി. ദേശീയ നിര്‍വാഹക സമിതി അംഗം ശ്രീശന്‍ നടുവട്ടത്ത് ഉള്‍പ്പടെയുള്ള നേതാക്കള്‍ മത്സരിക്കും. സ്ഥാനാര്‍ഥി നിര്‍ണയം അന്തിമ ഘട്ടത്തിലാണെന്ന് സിറ്റി ജില്ലാ പ്രിസിഡന്‍റ് പ്രകാശ്ബാബു മനോരമ ന്യൂസിനോട് പറഞ്ഞു.
ദേശീയ നിര്‍വാഹക സമിതി അംഗം ശ്രീശന്‍ നടുവട്ടത്ത്, നിലവിലെ സിറ്റി ജില്ലാ പ്രസിഡന്‍റ് പ്രകാശ് ബാബു, മുന്‍ ജില്ലാ പ്രസിഡന്‍റ്, മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഉള്‍പ്പടെ മുതിര്‍ന്നവരെ തന്നെ മത്സര രംഗത്ത് ഇറക്കാനാണ് നീക്കം. പത്ത് സീറ്റുകളില്‍ ഒഴികെ എല്ലായിടത്തും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ 25 ഓളം വാര്‍ഡുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ബിജെപി ശക്തി കേന്ദ്രങ്ങളില്‍ പുതുമുഖങ്ങള്‍ക്ക് ഒപ്പം സര്‍പ്രൈസ് സ്ഥാനാര്‍ഥികളും ഒരുങ്ങുന്നുണ്ട്.
നിലവിലെ കൗണ്‍സിലറും മഹിളാ മോര്‍ച്ച അധ്യക്ഷയുമായ നവ്യ ഹരിദാസ് മത്സരിക്കാനില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെങ്കിലും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനാണ് കോര്‍പ്പറേഷനിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല. 2015ല്‍ ഒരു സീറ്റ് പോലും ഇല്ലാതിരുന്ന കോര്‍പ്പറേഷനില്‍ കെ.സുരേന്ദ്രന് ചുമതല നല്‍കിയപ്പോഴാണ് ഏഴ് സീറ്റിലേക്ക് ബിജെപി എത്തിയത്. കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിക്കുന്നത് ഉള്‍പ്പടെ നിലവിലെ കോര്‍പ്പേഷന്‍ ഭരണത്തിനെതിരെ പ്രചരണം ശക്തമാക്കാനാണ് ബിജെപി തീരുമാനം.