കോഴിക്കോട് കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാന്‍ മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കി യുഡിഎഫ്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിര്‍വഹിക്കുമെന്ന് യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥി പി.എം.നിയാസ് മനോരമ ന്യൂസിനോട്. എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുക നിലവിലെ ഡപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദിനെയാണ്.
തീപാറും പോരാട്ടം നടക്കും ഇത്തവണ കോഴിക്കോട് കോര്‍പ്പറേഷനില്‍. മുന്‍പെങ്ങും കാണാത്ത വീറും വാശിയുമാണ് യുഡിഎഫ് കാണിക്കുന്നത്. മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസിനെയാണ്. മുന്‍ ഡിസസി പ്രസിഡന്‍റ് കെ.സി. അബുവും മല്‍സരരംഗത്തുണ്ടാകും. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ് ഏകോപന ചുമതല. എല്‍ഡിഎഫ് ആകട്ടെ മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് നിലിവിലെ ഡപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദിനെ. സിപിഎം സംസ്ഥാന സമിതി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി എ. പ്രദീപ് കുമാറിന്‍റെ മകള്‍ അമിത പ്രദീപിനെയും മല്‍സരരംഗത്തിറക്കും. അമിതയെ ഡപ്യൂട്ടി മേയറാക്കാനാണ് നീക്കം. നിലവിലെ മേയര്‍ ബീന ഫിലിപ്പ് മല്‍സരിക്കില്ല. ഇടതുവലതുമുന്നണിതള്‍ കൊമ്പുകോര്‍ക്കുമ്പോള്‍ സീറ്റുകളുടെ എണ്ണം കൂട്ടാനാണ് ബിജെപിയുടെ ആലോചന. ടി. റനീഷിന്‍റെ നേതൃത്വത്തില്‍ ബിജെപി ഇറങ്ങുമ്പോള്‍ മഹിളാമോര്‍ച്ച അധ്യക്ഷ നവ്യാഹരിദാസ് മല്‍സര രംഗത്ത് നിന്ന് മാറി നില്‍ക്കാനാണ് സാധ്യത.