ദേശീയപാത നിര്‍മ്മാണം നടക്കുന്ന കോഴിക്കോട് നന്തിയില്‍ റോഡിലെ സ്ലാബ് തകര്‍ന്ന് കാല്‍നടയാത്രക്കാരി ഓടയില്‍ വീണു. സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള സ്ലാബാണ് തകര്‍ന്നത്. തലനാരിഴയ്ക്കാണ് യാത്രക്കാരി രക്ഷപ്പെട്ടത്. കനത്ത വെള്ളക്കെട്ടില്‍ സ്ലാബ് തകര്‍ന്നു കിടക്കുന്നത് കാണാനാവത്താണ് അപകടമുണ്ടാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ ലോറിയും, ബസും കുഴിയില്‍ വീണ് മറിഞ്ഞിരുന്നു.
ഇന്ന് രാവിലെ നന്തി ഇരുപതാംമൈലില്‍ സര്‍വീസ് റോഡിലൂടെ നടന്നു വരുകയായിരുന്ന നാട്ടുകാരിയായ ഉഷയാണ് ഓടയുടെ സ്ലബ് തകര്‍ന്ന ഭാഗത്ത് വീണത്. കനത്തമഴയെ തുടര്‍ന്ന് റോഡില്‍ വെള്ളക്കെട്ടും രൂക്ഷമായിരുന്നു. കഴുത്തോളം വെള്ളത്തില്‍ മുങ്ങിയ ഉഷയെ ബസ് ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് കൊയിലാണ്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് ഇതെ കുഴിയില്‍ വീണ് അപകടമുണ്ടായിരുന്നു കനത്തവെള്ളക്കെട്ടില്‍ കുഴികാണാതെയാണ് അപകടമുണ്ടായത്. ഒരാഴ്ച മുന്നെ ലോറി കുഴിയില്‍ വീണ് മറഞ്ഞ് മണിക്കൂറളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. അപകടങ്ങള്‍ ആവര്‍ത്തിച്ചിട്ടും വെള്ളക്കെട്ടും കുഴിയും നികത്താനുള്ള യാതൊരു നടപടിയും കരാര്‍ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.