കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങള്‍ തീര്‍ന്നതോടെ ഹൃദയ ശസ്ത്രക്രിയ നിലച്ചു. നാലുദിവസം കൊണ്ട് മാറ്റിവെച്ചത് 80 ഓളം ശസ്ത്രക്രിയകളാണ്. മെഡിക്കല്‍ കോളജില്‍ മാത്രം 42 കോടിരൂപയാണ് നിലവിലെ കുടിശിക.
പ്രതിദിനം 20 ആന്‍ജിയോപ്ലാസ്റ്റി നടക്കുന്ന കാത്ത്‌ലാബില്‍ കഴിഞ്ഞദിവസം നടന്നത് ഒരേ ഒരുകേസുമാത്രം. ഈ ആഴ്ച ഇതുവരെ നടന്നത് നാല് പേസ്‌മേക്കര്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍. ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം രൂക്ഷമായതോടെ വരുംദിവസങ്ങളില്‍ കാത്ത് ലാബിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കും. സെന്‍ററും അനുബന്ധചികിത്സ ഉപകരണങ്ങളും വിതരണം ചെയ്തയിനത്തില്‍ മാര്‍ച്ച് വരെയുള്ള കുടിശിക തുക ലഭിക്കാത്തതിനാല്‍ രണ്ടുമാസമായി വിതരണക്കാര്‍ സമരത്തിലാണ്. കഴിഞ്ഞദിവസം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
ഒരുമാസത്തേക്ക് മാത്രം അഞ്ചുകോടിയുടെ സ്റ്റെന്‍റ് ആണ് കാത്ത് ലാബില്‍ സ്റ്റോക്ക് ചെയ്യേണ്ടത്. കഴിഞ്ഞമാസം അമിതവില നല്‍കി പുറത്തുനിന്ന് വാങ്ങിയ ഉപകരണങ്ങള്‍ വെച്ച് പ്രതിസന്ധി പരിഹാരിക്കാന്‍ നോക്കിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ശസ്ത്രക്രിയകള്‍ പൂര്‍ണമായി നിലക്കാതിരിക്കാന്‍ കൂടുതല്‍ ഉപകരണങ്ങള്‍ ഉടന്‍ എത്തിക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വാദം