സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിലെ പിഴവുമൂലം കുടലു മുറിഞ്ഞ സ്ത്രീ മരിച്ചെന്ന് പരാതി. കോഴഞ്ചേരിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിക്ക് എതിരെയാണ് പരാതി. ആങ്ങമൂഴി സ്വദേശിനി മായ ആണ് മരിച്ചത്. ആറന്മുള പൊലീസ് കേസെടുത്തു
58 വയസുള്ള മായയ്ക്ക് ഗർഭാശയമുഴ നീക്കം ചെയ്യുന്നതിന് ആയിരുന്നു ശസ്ത്രക്രിയ. കഴിഞ്ഞ തിങ്കളാഴ്ച ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ആരോഗ്യനില വഷളായി. ശസ്ത്രക്രിയയ്ക്കിടെ കുടലിൽ മുറിവ് പറ്റിയെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. കഴിഞ്ഞദിവസം വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. വെന്റിലേറ്ററിൽ ആയിരുന്ന മായ രാവിലെ മരിച്ചു.
ശസ്ത്രക്രിയയിൽ സങ്കീർണതകൾ ഉണ്ടായെന്നും ബന്ധുക്കളെ അറിയിച്ചിരുന്നു എന്നുമാണ് ആശുപത്രി അധികൃതരുടെ നിലവിലെ വിശദീകരണം. ആറന്മുള പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു.