കോഴിക്കോട് പനാത്തുതാഴം നേതാജി നഗറില്‍ ദേശീയപാത ബൈപ്പാസില്‍ വാഹനങ്ങള്‍ മുറിച്ച് കടക്കുന്ന ഭാഗം അടച്ചതോടെ ദുരിതത്തിലായി നാട്ടുകാര്‍. അപകടങ്ങളും ഗതാഗത കുരുക്കും ഒഴിവാക്കാനാണ് റോഡ് അടച്ചത്. അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം പരിഗണിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പനാത്തുതാഴം നേതാജി നഗറിലെ നാട്ടുകാര്‍ യാത്രക്കാര്‍ക്ക് വഴി പറഞ്ഞു കൊടുത്ത് മടുത്ത അവസ്ഥയിലാണ്. കഴിഞ്ഞ ദിവസമാണ് പനാത്തുതാഴത്ത് നിന്ന് ചേവരമ്പലം ഭാഗത്തേക്ക് ദേശീയപാത മുറിച്ച് കടക്കുന്ന ഭാഗം അടച്ചത്. ഇതോടെ ചേവരമ്പലം ഭാഗത്തേക്ക് പോകാന്‍ ഒരു കിലോമീറ്റര്‍ ദൂരം ചുറ്റണം. അടിപ്പാതയോ മേല്‍പ്പാതയോ അനുവദിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും പരിഹരിഗണിക്കാതെയാണ് റോഡ് അടച്ചത്.
റോഡ് മുറിച്ച് കടന്ന് വലിയവാഹനങ്ങളടക്കം പോകുന്നതിനാല്‍ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. ദേശീയപാത ഔദ്യോഗികമായി തുറന്നുകൊടുക്കുന്നതോടെ അപകടസാധ്യതയും കൂടുമെന്നത് കൊണ്ടാണ് റോഡ് അടച്ചതെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം.പനാത്തുതാഴം വഴി ചേവരമ്പലം ഭാഗത്തേക്കുള്ള ബസുകള്‍ ഇപ്പോള്‍ നേതാജി നഗറില്‍ യാത്രഅവസാനിപ്പിക്കുന്നതും യാത്രക്കാരെ വലയ്ക്കുകയാണ്.