രക്തദാനത്തില്‍ പുതുചരിത്രമെഴുതാന്‍ കോഴിക്കോട് ദേവഗിരി സാവിയോ ഹയര്‍സെക്കന്‍ഡറി സ്കൂള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ രക്തദാനം നടത്തിയ ക്യാംപ് എന്ന കഴിഞ്ഞ വര്‍ഷത്തെ സ്വന്തം റെക്കോര്‍ഡ് തിരുത്താനാണ് വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും ശ്രമം.
വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ രക്തദാനം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിയാന്‍ ലക്ഷ്യമിട്ടാണ് തുടര്‍ച്ചയായ മൂന്നാം തവണയും ഇവര്‍ ക്യാംപ് ഒരുക്കിയത്. ആകെ 337പേര്‍ പങ്കെടുത്തു. നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരുമെല്ലാം ഒരേ മനസോടെ എത്തി, രക്തം ദാനം ചെയ്തു.
കഴിഞ്ഞ തവണ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ രക്തദാനം ചെയ്ത ക്യാംപ് എന്ന റെക്കോര്‍ഡ് ഇവര്‍ക്കായിരുന്നു. ജില്ലയിലെ ആറ് ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിലേക്കാണ് രക്തം നല്‍കുന്നത്. രക്താദാനത്തിന് പുറമെ വിവിധ ബോധവല്‍ക്കരണക്ലാസുകളും ഇതിനോടൊപ്പം സംഘടിപ്പിച്ചു.