ചികില്‍സാഘട്ടങ്ങളില്‍   പലര്‍ക്കും മറ്റുപലരില്‍നിന്നും രക്തം സ്വീകരിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. പക്ഷേ ലോകത്തൊരാളുടേയും രക്തം അനുയോജ്യമല്ലാതെ വന്നാല്‍ എന്തുചെയ്യും? അങ്ങനെയൊരു സങ്കീര്‍ണത ചിന്തിക്കാനാകുമോ? എന്നാല്‍ ലോകത്ത് മുന്‍പെങ്ങും കണ്ടെത്തിയിട്ടില്ലാത്ത ഒരു പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയിരിക്കുകയാണിപ്പോള്‍ ഗവേഷകര്‍. കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നിന്നുള്ള യുവതിയിലാണ്  ലോകത്ത് ഒരിടത്തും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത പുതിയൊരുതരം രക്തഗ്രൂപ്പ് കണ്ടെത്തിയത്. 38കാരിയെ കോലാറിലെ ആശുപത്രിയില്‍ ഹൃദയശത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം തിരിച്ചറിഞ്ഞത്. 

സാധാരണ കണ്ടുവരാറുള്ള O Rh+ ഗ്രൂപ്പ് ആയിരുന്നു യുവതിയുടേത്. എന്നാല്‍  ലഭ്യമായ ഒ പോസിറ്റീവ് രക്ത യൂണിറ്റുകളൊന്നും യുവതിയുടെ രക്തഗ്രൂപ്പുമായി പൊരുത്തപ്പെട്ടില്ല. തുടര്‍ന്നാണ്  കൂടുതൽ അന്വേഷണത്തിനായി ആശുപത്രി റോട്ടറി ബാംഗ്ലൂർ ടിടികെ ബ്ലഡ് സെന്‍ററിലെ അഡ്വാൻസ്ഡ് ഇമ്മ്യൂണോഹെമറ്റോളജി റഫറൻസ് ലബോറട്ടറിയിലേക്ക് അയച്ചത്.

ആധുനിക സീറോളജിക്കല്‍ ടെക്നിക്കുകള്‍ ഉപയോഗിച്ച് യുവതിയുടെ രക്തം 'പാൻറിയാക്റ്റീവ്' ആണെന്നും എല്ലാ ടെസ്റ്റ് സാംപിളുകളുമായും പൊരുത്തപ്പെടുന്നില്ലെന്നും വിദഗ്ധ  സംഘം കണ്ടെത്തി. തുടര്‍ന്ന് അപൂര്‍വമോ അജ്ഞാതമോ ആയ രക്തഗ്രൂപ്പ് ആകാന്‍ സാധ്യതയുള്ള കേസായി തിരിച്ചറിഞ്ഞ് രോഗിയുടെ 20 കുടുംബാംഗങ്ങളില്‍നിന്ന് അനുയോജ്യമായ പൊരുത്തത്തിനായി രക്തസാംപിളുകള്‍ ശേഖരിച്ചു. എന്നാല്‍ അവയൊന്നും യുവതിയുടെ രക്തവുമായി പൊരുത്തപ്പെടാതെ വന്നു. അതിനിടെ രക്തത്തിന്‍റെ ആവശ്യമില്ലാതെ തന്നെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. തുടര്‍ന്ന് യുകെയിലെ ബ്രിസ്റ്റലിലുള്ള ഇന്‍റര്‍നാഷണല്‍ ബ്ലഡ് ഗ്രൂപ്പ് റഫറന്‍സ് ലബോറട്ടറിയിലേക്ക് (IBGRL) രക്തസാംപിള്‍  വിശദപരിശോധനയ്ക്കായി അയച്ചു. പത്തുമാസം നീണ്ട ഗവേഷണത്തിനും തന്മാത്രാ പരിശോധനയ്ക്കും ശേഷമാണ് അറിയപ്പെടാത്ത  ആന്‍റിജനാണെന്ന് കണ്ടെത്തിയതെന്ന്  റോട്ടറി ബാംഗ്ലൂർ ടിടികെ ബ്ലഡ് ഗ്രൂപ്പ് സെന്‍ററിലെ ഡോ. അങ്കിത് മാഥൂര്‍ പറഞ്ഞു.

ഉത്ഭവം കണക്കിലെടുത്ത് പുതിയ രക്തഗ്രൂപ്പിനെ ഔദ്യോഗികമായി CRIB എന്നാണ് പേരിട്ടിരിക്കുന്നത്.  ക്രോമർ (CR) രക്തഗ്രൂപ്പ് സംവിധാനത്തിന്‍റെ ഭാഗമാണ് ഈ രക്തഗ്രൂപ്പ്.  'CR' എന്നത് ക്രോമര്‍ (Cromer) എന്നതിനെയും I, B എന്നത് ഇന്ത്യ, ബാംഗ്ലൂര്‍ എന്നിവയെയും പ്രതിനിധാനം ചെയ്യുന്നു. 2025 ജൂണിൽ ഇറ്റലിയിലെ മിലാനിൽ നടന്ന ഇന്‍റര്‍നാഷണൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷന്‍റെ (ISBT) 35-ാമത് റീജിയണൽ കോൺഗ്രസിലാണ് CRIB ആന്‍റിജന്‍ രക്തഗ്രൂപ്പില്‍പ്പെടുന്ന ലോകത്തിലെ ആദ്യ വ്യക്തിയായി കോലാര്‍ സ്വദേശിയെ അടയാളപ്പെടുത്തിയ ചരിത്രപരമായ പ്രഖ്യാപനം നടന്നത്.

ENGLISH SUMMARY:

Researchers have now discovered a completely new blood group that has never been identified anywhere in the world before. This unique type of blood group was found in a young woman from Kolar district in Karnataka. The discovery was made when the 38-year-old woman was admitted to a hospital in Kolar for a heart surgery