അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പൊലീസിന്റെ പോൽ ബ്ലഡ് പദ്ധതി നിലവിലുണ്ടെന്നും ഈ സേവനം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക  മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പോൽ ബ്ലഡിന്റെ  പ്രവർത്തനം പുരോഗമിക്കുന്നതെന്ന് കേരള പൊലീസ് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം. 

രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ കേരള പൊലീസിന്റെ  പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നൽകാൻ ഡോണർ (Donor) എന്ന രജിസ്ട്രേഷൻ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക.

രജിസ്ട്രേഷൻ പൂർത്തിയായാൽ കൺട്രോൾ റൂമിൽ നിന്നു നിങ്ങളെ ബന്ധപ്പെടും. രക്തം അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കാൻ മാത്രമുള്ളതല്ല, രക്ത ദാനത്തിനും നാം തയ്യാറാകണം. രക്തദാനത്തിന്  നിങ്ങളും മുന്നോട്ട് വന്നാൽ മാത്രമേ  ഈ സേവനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂവെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

Pol Blood is an initiative by Kerala Police to facilitate blood donation and requests during emergencies. This service operates through the Pol App in collaboration with the Kerala State AIDS Control Society, encouraging everyone to register as donors or recipients.