കോഴിക്കോട് താമരശേരി എടവണ്ണ സംസ്ഥാന പാതയിലെ നിര്‍മ്മാണത്തിലെ അശാസ്ത്രീയത അന്വേഷിച്ച PWD വിജിലന്‍സിന്‍റെ റിപ്പോര്‍ട്ട് പൂഴ്ത്തി. ഭാരം കയറ്റിയ വാഹനങ്ങള്‍ താഴ്ന്ന് റോഡില്‍ ചാലുകള്‍ രൂപപ്പെട്ടിട്ടും കരാറുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ല.
ഈ ദൃശ്യം കണ്ടാല്‍ ഇരുചക്ര വാഹനമോടിച്ചിരുന്ന ഇബ്രാഹിമിന്‍റെ ശ്രദ്ധക്കുറവുമൂലം ഉണ്ടായ അപകടമെന്നെ തോന്നു. പക്ഷെ വില്ലന്‍ റോഡാണ്. അന്‍പത് കിലോമീറ്റര്‍ ദൂരമുള്ള സംസ്ഥാന പാതയില്‍ പലയിടത്തും ഭാരം കയറ്റിയ വാഹനങ്ങള്‍ കാരണം റോഡിന്‍റെ ഒരുഭാഗം താഴ്ന്ന് ചെറുചാലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ ചാലുകളില്‍ ചാടിയാണ് ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുന്നത്.
228 കോടിയോളം രൂപയാണ് റോഡ് പുതുക്കി പണിയാന്‍ KSTP വഴി ചിലവഴിച്ചത്. നിര്‍മ്മാണത്തിലെ അപാകതയില്‍ PWD വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തിയെങ്കിലും റിപ്പോര്‍ട്ട് പൂഴ്ത്തി. അപാകതകള്‍ പരിഹരിക്കണമെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാണ കമ്പനിയായ ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സിനോട് KSTP ആവശ്യപ്പെടുന്നുണ്ടെങ്കിലും അനക്കമില്ല. റോഡിലേക്ക് ഇറക്കി നിര്‍മ്മിച്ചിരിക്കുന്ന കലിങ്കുകളും സ്ലാബുകളും അപകടക്കെണിയാകുന്നുണ്ട്.