കോഴിക്കോട് പെരുമണ്ണ പഞ്ചായത്തില്‍ ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ ഗ്രാമ വണ്ടി പദ്ധതിയെ ചൊല്ലി ഭരണ പ്രതിപക്ഷ പോര്. സര്‍വീസിനായി അനുവദിച്ച കെഎസ്ആര്‍ടിസി ബസിന് എം. പരിവാഹന്‍ വൈബ്സൈറ്റില്‍ ഫിറ്റ്നസ് ഇല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒരു വര്‍ഷം കൂടി ഫിറ്റ്നസ് ബാക്കിയുണ്ടെന്നും വെബ്സൈറ്റിലേത് സാങ്കേതിക പ്രശ്നം മാത്രമാണെന്നുമാണ് ഭരണ കക്ഷിയായ സിപിഎമ്മിന്‍റെ വിശദീകരണം.
ആഘോഷ പൂര്‍വമാണ് ആദ്യ സര്‍വീസ് ആരംഭിച്ചത്. പിന്നാലെയാണ് വിവാദം. എം പരിവാഹന്‍ വെബ്സൈറ്റില്‍ ഗ്രാമവണ്ടി സര്‍വീസിനായി നല്‍കിയ ബസിന് ഫിറ്റ്നസ് ഇല്ലെന്നായിരുന്നു ആക്ഷേപം. 2025 ജനുവരിയില്‍ ബസിന്‍റെ ഫിറ്റ്നസ് അവസാനിച്ചുവെന്ന് വെബ്സൈറ്റില്‍ വ്യക്തം. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഉത്തരവാദിത്തപ്പെട്ടവര്‍ മറുപടി പറയണമെന്നും പെരുമണ്ണ പഞ്ചായത്തിലെ പ്രതിപക്ഷം ആവശ്യപ്പെട്ടു.
വെബ്സൈറ്റിലേത് സാങ്കേതിക പ്രശ്നം മാത്രമാണെന്ന് പഞ്ചായത്ത് വിശദീകരിച്ചു. കൊവിഡ് സമയത്ത് സര്‍വീസ് നടത്താത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഫിറ്റ്നസ് കാലാവധി നീട്ടിയിട്ടുണ്ടെന്നാണ് പഞ്ചായത്തിന്‍റെയും കെഎസ്ആര്‍ടിസിയുടെയും വിശദീകരണം.
വര്‍ഷം 12 ലക്ഷത്തോളം രൂപയാണ് ഗ്രാമവണ്ടിക്കായി പെരുമണ്ണ പഞ്ചയത്ത് നീക്കി വച്ചിരിക്കുന്നത്.