സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തിട്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രഖ്യാപിച്ച വൈറോളജി ലാബിന്‍റെ നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. 2017 ല്‍ ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ലാബ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വേഗത്തിലുള്ള പരിശോധനാഫലം രോഗപ്രതിരോധത്തിനടക്കം സഹായകരമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്‍റെ അലംഭാവം തുടരുന്നത്.
ഇതാണ് പണിതിട്ടും പണിതിട്ടും പൂര്‍ത്തിയാവാത്ത വൈറോളജി ലാബ്. സംസ്ഥാനത്ത് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ആധുനിക സജ്ജീകരണങ്ങളോടെ വൈറോളജി ലെവല്‍ മൂന്ന് ലാബ് കോഴിക്കോട് പ്രഖ്യാപിച്ചത്. വേഗത്തില്‍ രോഗ നിര്‍ണയവും പ്രതിരോധവുമായിരുന്നു ലക്ഷ്യം. എന്നാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ലാബ് ഇപ്പോഴും നിര്‍മാണഘട്ടത്തില്‍ തന്നെയാണ്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തിലാണ് നിര്‍മാണം നടക്കുന്നത്. രണ്ടുതവണ മുടങ്ങിയ നിര്‍മാണം 2021 ല്‍ ആണ് വീണ്ടും തുടങ്ങിയത്. നിലവില്‍ മെഡിക്കല്‍ കോളജിലെ വൈറോളജി ലാബില്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും അന്തിമപരിശോധനയ്ക്കായി പുണെ വൈറോളജി ലാബിലേക്ക് അയക്കും. ഇതിന്‍റെ ഫലം വരാന്‍ ചുരുങ്ങിയത് എട്ടുമണിക്കൂറെങ്കിലും വേണം. ലാബ് വന്നാല്‍ ഈ കാലതാമസം ഒഴിവാക്കാനാവും.
കരാറുകാരും കേന്ദ്രപൊതുമരാമത്ത് വകുപ്പും തമ്മിലുള്ള പ്രശ്നമാണ് ലാബിന്‍റെ പ്രവര്‍ത്തനം വൈകുന്നതിന്‍റെ പ്രധാനകാരണമായി ആരോഗ്യവകുപ്പ് പറയുന്നത്. ലാബിനായി വാങ്ങിയ ഉപകരണങ്ങളിലും തകരാര്‍ കണ്ടെത്തി , ഇതിന്‍റെ പ്രശ്നം പരിഹരിച്ച ശേഷമെ ലാബ് പ്രവര്‍ത്തന സജജമാകുകയുള്ളുവെന്നാണ് അധിക്യതര്‍ പറയുന്നത്. ലാബിനായി 11 കോടിയാണ് ഐസിഎംആര്‍ അനുവദിച്ചത്.