കോഴിക്കോട് നെല്ലിക്കോട് അതിഥിതൊഴിലാളിയുടെ മരണത്തിന് ഇടായാക്കിയ മണ്ണിടിച്ചില്‍ ഉണ്ടായത് അശാസ്ത്രീയ നിര്‍മ്മാണം മൂലമെന്ന് ജിയോളജി വകുപ്പ്. നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പ് പൈലിങ് നടത്തണമെന്നും സുരക്ഷാമതില്‍ നിര്‍മ്മിക്കണമെന്നുമുള്ള നിര്‍ദേശം ലംഘിക്കപ്പെട്ടു. കോര്‍പറേഷന്‍ അനുവദിച്ച് നല്‍കിയ പ്ലാന്‍ പ്രകാരമല്ല നിര്‍മ്മാണം നടന്നതെന്നും ജിയോളജി വകുപ്പ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അപകടം നടന്നതിന് തൊട്ടടുത്ത് താമസിക്കുന്ന കമലത്തെപോലുള്ളവരുടെ ആശങ്കകളെല്ലാം പരിഹരിച്ച് വേണം നിര്‍മ്മാണം നടത്താന്‍ എന്ന് കെട്ടിട നിര്‍മ്മാതാകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒന്നും പാലിക്കപ്പെട്ടില്ല. കോര്‍പറേഷന്‍ അനുവദിച്ച് നല്‍കിയ പ്ലാനില്‍ ആഴത്തില്‍ പൈലിങ് നടത്തണമെന്നും സുരക്ഷാഭിത്തി നിര്‍മ്മിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ടെങ്കിലും നടപ്പായില്ല. കള്ളിമണ്ണ് അംശം കൂടുതല്‍ ഉള്ള സ്ഥലത്ത് കുത്തനെ കുഴി എടുത്തത് അപകടത്തിന്‍റെ ആക്കം കൂട്ടിയെന്നും ജിയോളജി വകുപ്പ് ജില്ലാകലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. പ്രദേശത്ത് ഒരു വീട് അപകടാവസ്ഥയിലും അഞ്ച് വീടുകള്‍ ഒറ്റപ്പെട്ട നിലയിലുമാണ്. വീടുകളിലേക്കുള്ള വഴി നിര്‍മ്മിച്ച് കിട്ടാന്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ് പ്രദേശവാസികള്‍.
പ്രദേശത്തെ വീടുകളിലേക്ക് കുടിവെള്ളവും വൈദ്യുതിയും താത്കാലികമായി എത്തിച്ചിട്ടുണ്ട്. കോര്‍പ്പറേഷനില്‍ നിന്ന് കൂടി റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും കലക്ടറുടെ നടപടി.