കോഴിക്കോട് കുറ്റ്യാടിയില്‍ മഞ്ഞപ്പിത്തം പടരുന്നു. കാവിലുംപാറ, മരുതോങ്കര പ്രദേശങ്ങളില്‍ നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
കാവിലുംപാറ പഞ്ചായത്തിലെ മൊയിലോത്ത് നടന്ന വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപ്പിത്തം പിടിപ്പെട്ടത്. മരുതോങ്കര, കായക്കൊടി പഞ്ചായത്തുകളിലും നിരവധിപ്പേര്‍ക്ക് അസുഖബാധയുണ്ടായി. പലരും കോഴിക്കോട് മെഡിക്കല്‍കോളജിലും സ്വകാര്യ ആശുപത്രികളിലും ചികിത്സതേടി.
മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ പഞ്ചായത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. വാര്‍ഡുകളിലും സ്കൂള്‍ തലങ്ങളിലുമായി ബോധവത്കരണ ക്ലാസുകളും നടത്തിവരുന്നു. രോഗം കൂടുതല്‍ പേരിലേക്ക് പകരാതെ എത്രയും വേഗം പിടിച്ചുകെട്ടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറും നിര്‍ദേശം നല്‍കി.