കോഴിക്കോട് കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള തകര്‍ച്ചഭീഷണി നേരിടുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതില്‍ തീരുമാനം വൈകുന്നു. കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗം അപകടഭീഷണിയിലാണെന്ന് കണ്ടെത്തിയ കെട്ടിങ്ങള്‍ വിദഗ്ദസംഘത്തെക്കൊണ്ട് വീണ്ടും പരിശോധിപ്പിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഏഴ് കെട്ടിടങ്ങള്‍ അടിയന്തരമായി പൊളിച്ചുനീക്കണമെന്നാണ് റിപ്പോര്‍ട്ട്. 

കോര്‍പറേഷന്‍റെ അനാസ്ഥമൂലം വലിയങ്ങാടിയില്‍ നഷ്ട്ടമായത് ചുമട്ടുതൊഴിലാളികളായ നാലുപേരുടെ ജീവനാണ്. എന്നിട്ടും പാഠം പഠിച്ചിട്ടില്ല. തകര്‍ന്നുവീഴാറായ വലിയങ്ങാടി കെട്ടിടത്തിന്‍റെ ബാക്കി ഭാഗം കഴിഞ്ഞാഴ്ചയാണ് പൊളിച്ചുനീക്കിയത്. അപകടശേഷം കെട്ടിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് എഴെണ്ണം പൊളിച്ചുനീക്കണമെന്ന് എന്‍ജിനീയറിങ് വിഭാഗം കണ്ടെത്തിയത്. ബലക്ഷയം വന്ന 22 കെട്ടിടങ്ങളില്‍ പൊളിക്കേണ്ടവ ഏതെന്നും അറ്റകുറ്റപ്പണി നടത്തേണ്ടവ ഏതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഇതില്‍ തീരുമാനം എടുക്കാന്‍ കൂടുതല്‍ പഠനം വേണമെന്നാണ് കോര്‍പ്പറേഷന്‍റെ വാദം. 

പാവപ്പെട്ട തൊഴിലാളികളുടെ ജീവന്‍ പണയം വച്ചാണ് കോര്‍പ്പറേഷന്‍റെ മെല്ലപ്പോക്കെന്ന് പ്രതിപക്ഷം. കെട്ടിടം പൊളിച്ചുനീക്കുന്നതില്‍ എത്രയുംവേഗം തീരുമാനം കൈകൊണ്ടില്ലെങ്കില്‍ കോര്‍പറേഷന് അകത്തുംപുറത്തും  പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം.

ENGLISH SUMMARY:

Kozhikode Corporation's decision on demolishing dangerous buildings is delayed, despite a report recommending the immediate removal of seven structures. This inaction risks further accidents, as previously seen in Valiyangaadi where the lives of four porters were lost due to similar negligence.