കനത്തമഴയില്‍ കോഴിക്കോട് ജില്ലയില്‍ നശിച്ചത് 110.55 ഹെക്ടര്‍ കൃഷി. ഓണവിപണി ലക്ഷ്യമിട്ട് ഇറക്കിയ വാഴയും പച്ചക്കറികളും നശിച്ചതോടെ കര്‍ഷകര്‍ ദുരിതത്തിലായി. പ്രാഥമിക കണക്കെടുപ്പില്‍ രണ്ടുകോടിയോളം രൂപയുടെ നഷ്ടമാണുണ്ടായത്. 

എന്നാല്‍, ഇത്തവണയും പ്രകൃതി ചതിച്ചതോടെ ചെറൂപ്പ കണ്ണിപറമ്പ് സ്വദേശി മുഹമ്മദിനുണ്ടായത് ഒന്നരലക്ഷത്തിലധികം രൂപയുടെ നഷ്ടം. ഓണവിപണി ലക്ഷ്യം വെച്ചിറക്കിയ വാഴ കൃഷിയാണ്  ഒടിഞ്ഞുവീണും വെള്ളം കയറിയും  നശിച്ചത്.  800 ഓളം വാഴകള്‍ നശിച്ചതോടെ ലക്ഷകണക്കിന് രൂപയുടെ വിളവെടുപ്പ് വെള്ളത്തിനടിയിലായി. മുക്കത്ത് ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ മൂവായിരത്തിലധികം വാഴ നശിച്ചു. വിളകള്‍ക്ക് ഇന്‍ഷൂറന്‍സ് നല്‍കുന്നുണ്ടെങ്കിലും തുച്ഛമായ തുകയായതിനാല്‍ കാര്യമില്ലെന്ന് 300 വാഴകള്‍ നശിച്ച ചെറൂപ്പ സ്വദേശി ശ്രീനിവാസന്‍ പറഞ്ഞു. കൊയിലാണ്ടി, കൊടുവള്ളി, മാവൂര്‍ എന്നിവിടങ്ങളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത്. കൊയിലാണ്ടിയില്‍ മാത്രം 61 ഹെക്ടര്‍ കൃഷി നശിച്ചതോടെ ഓണവിപണി പ്രതിസന്ധിയിലാക്കും​.

ENGLISH SUMMARY:

Kozhikode agriculture has suffered a significant loss of 110.55 hectares due to heavy rains, impacting banana and vegetable crops intended for the Onam market and leaving farmers in distress with an estimated loss of around two crore rupees.