കോഴിക്കോട് നഗരത്തെ പിടിച്ചുലച്ച പുതിയസ്റ്റാന്‍ഡിലെ തീപിടിത്തം ഉണ്ടായിട്ട് ഒരു മാസം ആകുമ്പോഴും പ്രതിസന്ധിയില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല ബസ്സ്റ്റാന്‍ഡിലെ ചെറുകിട വ്യാപാരികള്‍. കടകളിലെ വൈദ്യുതി ലൈനുകളുടെ നവീകരണം പൂര്‍ത്തിയാകത്തതാണ് കച്ചവടക്കാരെ വലയ്ക്കുന്നത്.
മെയ് മാസം 18നാണ് കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ കെട്ടിടത്തിലെ മുകളിലെ നിലയില്‍ പ്രവര്‍ത്തിക്കുന്ന തുണിക്കടയില്‍ തീപിടുത്തമുണ്ടായത്. താഴത്തെ നിലയിലെ കടകളിലേക്ക് തീപടര്‍ന്നില്ലെങ്കിലും വൈദ്യുതി ബന്ധം താറുമാറായി.ഒരാഴ്ച കടകള്‍ അടച്ചിട്ടു. മേയറുമായി നടത്തിയ ചര്‍ച്ചയ്ക്കെടുവില്‍ കടകള്‍ തുറന്നു. വൈദ്യുതി ലൈനുകള്‍ നവീകരിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ മൂന്നാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ഉറപ്പ്. അന്ന് തൊട്ട് ഇന്നുവരെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ജനേററ്ററുകള്‍ ഉപയോഗിച്ചാണ്.ദിവസ വാടക ഇനത്തില്‍ മുടക്കേണ്ടി വരുന്നത് ഭീമമായ തുക
തീപിടിത്തമുണ്ടായ മുകളിലെ നിലയില്‍ നിന്ന് കത്തിക്കരിഞ്ഞ അവിശിഷ്ടങ്ങള്‍ പൂര്‍ണാമായും നീക്കിയില്ല. രാത്രി 9 മണി കഴിഞ്ഞാല്‍ ജനറേറ്ററുകള്‍ ഓഫാക്കുന്നതോടെ വെളിച്ചവുമില്ല. ആളുകള്‍ കടകളിലേക്ക് എത്തുന്നതും കുറഞ്ഞു
വൈദ്യുതി ലൈനുകള്‍ നവീകരിക്കാനുള്ള പ്രവൃത്തികള്‍ ആരംഭിച്ചെങ്കിലും ഇഴഞ്ഞാണ് നീങ്ങുന്നത്. ഒരോ ദിവസം കഴിയും തോറും കച്ചവടക്കാരുടെ ബാധ്യതയേറുകയാണ്.