കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറിലെ പുലിമുട്ടിന്‍റെ ഒരുഭാഗം തകര്‍ന്ന് നാലുവര്‍ഷം കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. പുലിമുട്ടിന്‍റെ അശാസ്ത്രീയനിര്‍മാണം കാരണം ബോട്ടുകള്‍ തകരുന്നതും ഇവിടെ പതിവാണ്. പുലിമുട്ടിന്‍റെ അപാകത പരിഹരിക്കണമെന്നാണ് മത്സ്യതൊഴിലാളികളുടെ ആവശ്യം.
വെള്ളയില്‍ ഹാര്‍ബറില്‍ നിര്‍മിച്ച പുലിമുട്ടിന്‍റെ അശാസ്ത്രീയത കാരണമുള്ള പ്രശ്നങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിനിടെയാണ് കല്ലുകള്‍ ഇളകി പുലിമുട്ടിന്‍റെ ഒരുഭാഗം തകര്‍ന്നത്. ഇതോടെ കടല്‍പ്രക്ഷബുധമായാല്‍ കൂറ്റന്‍ തിരമാലകള്‍ പുലിമുട്ടിലേക്ക് എത്തും.
കഴിഞ്ഞമാസം 18ന് ശക്തമായ തിരയില്‍പ്പെട്ട് വള്ളം തകര്‍ന്ന് മത്സ്യതൊഴിലാളി ഇവിടെ മരിച്ചിരുന്നു. പുലിമുട്ടിന്‍റെ നിര്‍മാണത്തിനുശേഷം 30 ഓളം വള്ളങ്ങളാണ് ഇവിടെ തകര്‍ന്നത്. പുലിമുട്ടിന്‍റെ നീളം കൂട്ടണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. 750 ഉം 530 മീറ്റര്‍ നീളമുള്ള രണ്ട് പുലിമുട്ടുകളാണുള്ളത്. ബോട്ടുകളും വള്ളങ്ങളും ഹാര്‍ബറിനുള്ളില്‍ തന്നെ ഇടിച്ചുതകരുന്നതിന്‍റെ കാരണമിതാണ്.
ഹാര്‍ബറിനുള്ളില്‍ മണല്‍ അടിഞ്ഞ് കൂടിയതിനാല്‍ വലിയ ബോട്ടുകള്‍ക്ക് ഇവിടേക്ക് എത്താനാവുന്നില്ല. കഴിഞ്ഞവര്‍ഷം മണല്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. 150 ലേറെ ചെറുതും വലുതുമായ വള്ളങ്ങളാണ് ഇവിടെ നിന്ന് മീന്‍പിടിക്കാനായി പോവുന്നത്.