മലബാര്‍ ദേവസ്വം ബോര്‍ഡിലെ സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ടി.ടി. വിനോദനെതിരെ കോടതിയെ സമീപിക്കാന്‍ നീക്കം. കേസില്‍ പൊലീസ് ഗൗരവത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിക്കാന്‍ ക്ഷേത്രങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കി. വിനോദന്‍റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി തള്ളി ഒന്നര മാസം കഴിഞ്ഞിട്ടും പൊലീസിന് ഇയാളെ പിടകൂടാന്‍ സാധിച്ചിട്ടില്ല.
കോഴിക്കോട് ബാലുശേരി കോട്ട ക്ഷേത്രത്തിലെ ഉള്‍പ്പടെ ടി.ടി. വിനോദന്‍ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന പത്ത് ക്ഷേത്രങ്ങളിലെ 60 പവന്‍ സ്വര്‍ണമാണ് മലബാര്‍ ദേവസ്വം ബോര്‍ഡിന് നഷ്ടമായത്. വിനോദനെതിരെ ക്ഷേത്രം ഭാരവാഹികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നുമില്ലാതായതോടെയാണ് ദേവസ്വം ബോര്‍ഡ് മറ്റ് വഴികള്‍ തേടുന്നത്. പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിക്കാന്‍ ക്ഷേത്രങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് നിര്‍ദേശം നല്‍കി. വിനോദനെതിരായ പരാതിയില്‍ ബാലുശേരി പൊലീസ് മാത്രമാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. മറ്റിടങ്ങളിലെ പരാതികളില്‍ പൊലീസ് ഗൗരവമായി ഇടപെടുന്നില്ലെന്നാണ് ആരോപണം. വിനോദനെ പിടികൂടാനും സ്വത്ത് വിവരങ്ങള്‍ കണ്ടുകെട്ടാനും സ്വകാര്യ അന്യായത്തിലൂടെ ആവശ്യപ്പെടും. കഴിഞ്ഞ ഡിസംബറില്‍ വിനോദന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും ഇയാളെ പിടികൂടിയിട്ടില്ല. വിനോദന്‍റെ ചൈന്നൈയിലെ ബന്ധു വീട്ടിലടക്കം പൊലീസ് പരിശോധന നടത്തിയിരുന്നു. നിലവില്‍ ഇയാള്‍ ഒളിവിലെന്നാണ് കേസ് അന്വേഷിക്കുന്ന ബാലുശേരി പൊലീസിന്‍റെ വിശദീകരണം. വിനോദന്‍റെ അനാസ്ഥ കാരണം വട്ടോളി ശിവ പാര്‍വതി ക്ഷേത്രത്തിലെ 10 ഏക്കര്‍ ഭൂമിയും ദേവസ്വം ബോര്‍ഡിന് നഷ്ടമായിരുന്നു.