കോഴിക്കോട് താമരശേരി ചുരത്തില്‍ ലോറി കുടുങ്ങിയതിനെത്തുടര്‍ന്ന് അര്‍ധരാത്രി മുതല്‍ രൂപപ്പെട്ട ഗതാഗതക്കരുക്ക് അഴിക്കാനെടുത്തത് 17 മണിക്കൂര്‍. അപകടത്തില്‍പെട്ട ലോറികള്‍ നീക്കിയതിന് ശേഷം വൈകിട്ട് ആറുമണിയോടെയാണ് ചുരത്തില്‍ ഇരുവശത്ത് കൂടിയും വാഹനങ്ങള്‍ കടത്തിവിട്ടത്.
രാത്രി പന്ത്രണ്ട് മണിക്ക് ചുരം ഏഴാം വളവില്‍ തടി കയറ്റി വന്ന ലോറി മറിഞ്ഞതോടെയാണ് ഗതാഗതക്കരുക്ക് തുടങ്ങിയത്. രണ്ട് മണിയോടെ സമീപത്ത് തന്നെയായി മറ്റൊരു ലോറി ടയറുപൊട്ടി കുടുങ്ങിയതോടെ ഗതാഗതം പൂര്‍ണമായും നിലച്ചു. ടയറുപൊട്ടിയ ലോറി ക്രൈയിന്‍ കൊണ്ടു വന്ന് നീക്കാന്‍ മണിക്കൂറുകള്‍ എടുത്തു. അതിന് ശേഷമാണ് ഒരു ദിശയിലേക്ക് വാഹനങ്ങള്‍ നീങ്ങി തുടങ്ങിയത്.
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടവരും വയനാട്ടില്‍ നിന്ന് അടിയന്തരമായി കോഴിക്കോട് എത്തേണ്ടവരും അടക്കം ദീര്‍ഘദൂര യാത്രക്കാര്‍ മണിക്കൂറുകളാണ് ചുരത്തില്‍ കുടുങ്ങി കിടന്നത്. അപകടത്തില്‍പ്പെട്ട ലോറി മാറ്റിയ ശേഷവും വാഹനങ്ങളുടെ തിരക്ക് കാരണം ഗതാഗതം സാധാരനിലയിലാകാന്‍ സമയമെടുത്തു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് വാഹനങ്ങള്‍ കടത്തിവിട്ടത്.