അരുമ മൃഗങ്ങള്‍ക്ക് രാത്രി അസുഖം വന്നാല്‍ ചികില്‍സിക്കാന്‍ നേരം വെളുക്കും വരെ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ഏത് പാതിരാത്രിയിലും നിങ്ങളുടെ വീട്ടുപടിക്കല്‍ ഇനി മൃഗഡോക്ടറുടെ സേവനം ലഭിക്കും. 1962 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ മാത്രം മതി.
ഒരു കോള്‍ വിളിക്കേണ്ട, താമസമേയുള്ളു. ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം നിങ്ങളുടെ വീട്ടിലെത്തും. കിടപ്പിലായ മൃഗങ്ങളെ ഉയര്‍ത്താനുള്ള കൗ ഫില്‍ട്ടര്‍, എക്സ്റേ മെഷീന്‍, ശസ്ത്രക്രിയാഉപകരണങ്ങള്‍ തുടങ്ങി എല്ലാം സംവിധാനവും മൊബൈല്‍ യൂണിറ്റിലുണ്ടാവും. സേവനത്തിന് നിശ്ചിത ഫീസ് നല്‍കണമെന്ന് മാത്രം.
ടോള്‍ ഫ്രീ നമ്പരിലേക്ക് വിളിക്കുന്നയാളില്‍ നിന്ന്, തിരുവനന്തപുരത്തെ കേന്ദ്രീകൃത കോള്‍ സെന്‍റര്‍ വിവരങ്ങള്‍ ശേഖരിച്ചശേഷം അതാത് സ്ഥലത്തെ മൊബൈല്‍ യൂണിറ്റിനെ അറിയിക്കുകയാണ് ചെയ്യുക. മൊബൈല്‍ സംഘത്തിന് സഞ്ചരിക്കാനുള്ള വാഹനങ്ങളും എല്ലാ ബ്ലോക്കുകള്‍ക്കും നല്‍കി കഴിഞ്ഞു.
ആദ്യഘട്ടമായി 47 ബ്ലോക്കുകളിലാണ് മൊബൈല്‍ യൂണിറ്റുള്ളത്. 12 ജില്ലാ കേന്ദ്രങ്ങളില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റുകളുമുണ്ട്. വൈകീട്ട് ആറുമുതല്‍ രാവിലെ ആറുവരെയാണ് പ്രവര്‍ത്തനസമയം. മൂന്നേകാല്‍ കോടി രൂപ ചെലവഴിച്ചാണ് മൃഗസംരക്ഷണവകുപ്പ് പദ്ധതി നടപ്പാക്കുന്നത്.