കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ലിഫ്റ്റിന്‍റെ മേൽക്കൂര വീണ് ജീവനക്കാരന് പരുക്ക്. പുരവസ്തുരേഖ വകുപ്പിലെ സീനിയർ സൂപ്രണ്ട് ജ്യോതിഷിനാണ് പരുക്കേറ്റത്. ഇയാളെ കോഴിക്കോട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിവിൽ സ്റ്റേഷന്‍റെ ബി ബ്ലോക്കിലെ ലിഫ്റ്റിന്‍റെ മേൽക്കൂര തകര്‍ന്നാണ് അപകടമുണ്ടായത്. ആറാം നിലയിലെ പുരാവസ്തുരേഖ ഓഫീസിലേക്ക് ഇറങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ലിഫ്റ്റിന്‍റെ മേൽക്കൂര ജ്യോതിഷിന്‍റെ തലയ്ക്ക് പതിച്ചത്. ഈ സമയം ജ്യോതിഷിനൊപ്പം മറ്റു ജീവനക്കാരും ഉണ്ടായിരുന്നെങ്കിലും മറ്റാർക്കും പരുക്കില്ല.
അപകടമുണ്ടായ ലിഫ്റ്റിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് നിർദ്ദേശം നൽകി. സാങ്കേതിക വീഴ്ച്ചയെന്നാണ് പ്രാഥമിക റിപ്പോർട്ട്. പരിക്കേറ്റ ജ്യോതിഷ് സഹകരണ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.