മൂന്നാഴ്ചയ്ക്കിടെ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ വീടുകളില്‍ നിന്നും മരുന്നുകടകളില്‍ നിന്നും ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം ശേഖരിച്ചത് 17 ടണ്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍. ശാസ്ത്രീയ നിര്‍മാര്‍ജനം ലക്ഷ്യമിട്ടുള്ള ന്യൂ പ്രൗഢ് പദ്ധതിയിലൂടെയാണ് മരുന്നുകളുടെ ശേഖരം. കോഴിക്കോടാണ് പദ്ധതി ആദ്യമായി നടപ്പാക്കിയത്.
കാലാവധി കഴിഞ്ഞ മരുന്നുകള്‍ ഒന്നുകില്‍ വലിച്ചെറിയും അല്ലെങ്കില്‍ കുഴിച്ചിടും. രണ്ടായാലും ഇത് പരിസ്ഥിതിക്ക് ദോഷകരമാകുന്ന ആന്‍റി മൈക്രോബിയല്‍ പ്രതിരോധത്തിന് കാരണമാകുന്നുവെന്നാണ് പഠനം. ഈ സാഹചര്യത്തിലാണ് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം വീടുകളിലും കടകളിലുമെത്തി മരുന്ന് ശേഖരിക്കാന്‍ തീരുമാനിച്ചത്.
ഹരിത കര്‍മസേനയ്ക്കും കുടുംബശ്രീക്കുമാണ് ചുമതല. ശേഖരിക്കുന്ന മരുന്നുകള്‍ തരംതിരിച്ച് കൊച്ചിയിലെ കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ എത്തിച്ച് ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യും. ഇതുവരെ രണ്ട് ടണ്ണോളം കൊച്ചിയില്‍ എത്തിച്ചുകഴിഞ്ഞു
കഴിഞ്ഞ 17ന് ആരംഭിച്ച പദ്ധതിയില്‍ ഒരുലക്ഷത്തിനാല്‍പ്പതിനായിരം വീടുകളില്‍ നിന്ന് മരുന്നുകള്‍ ശേഖരിച്ചു. മാസത്തില്‍ ഒരു ദിവസമാണ് വീട്ടിലെത്തി ശേഖരിക്കുക. മരുന്ന് നിക്ഷേപിക്കാന്‍ പലയിടങ്ങളിലായി 160 ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്.