nedumbassery-drug-bust

നെടുമ്പാശേരിയിൽ കസ്റ്റംസിന്റെ വൻ ലഹരിവേട്ട. ആറര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിലായി. വയനാട് സ്വദേശി അബ്ദുൽ സമദ് ആണ് പിടിയിലായത്. ബാങ്കോക്കിൽ നിന്ന് ഭക്ഷ്യ പായ്ക്കറ്റുകളിൽ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. ലഹരിക്കടത്തിന് കൂലി 50,000 രൂപയെന്ന് യുവാവ്. യാത്ര ടിക്കറ്റും താമസവും സൗജന്യം.

എന്താണ് ഹൈബ്രിഡ് കഞ്ചാവ്?

സറ്റൈവ, ഇൻഡിക എന്നിങ്ങനെ രണ്ട് തരം കഞ്ചാവാണുള്ളത്. എന്നാല്‍ ഇവ രണ്ടിനെയും ശാസ്ത്രീയമായി സംയോജിപ്പിച്ച്, തിരഞ്ഞെടുത്ത ശാസ്ത്രീയ പ്രജനനത്തിലൂടെ സൃഷ്ടിക്കപ്പെട്ടതാണ് ഹൈബ്രിഡ് കഞ്ചാവ്. ഒൗഷധ നിർമാണത്തിലും ലഹരിയായിട്ടും ഇവ ഉപയോഗിക്കുന്നുണ്ട്. ഹൈബ്രിഡ് ഇനങ്ങളുടെ രൂപം സംയോജനത്തിനായി തിരഞ്ഞെടുക്കുന്ന ചെടികളുടെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കും. കിലോഗ്രാമിന് ലക്ഷങ്ങളാണ് ഇവയുടെ വില.

ഇവയെക്കൂടാതെ ഹൈഡ്രോ അഥവാ ഹൈഡ്രോപോണിക് എന്ന ഒരു വകഭേദം കൂടിയുണ്ട്. ഫാമുകളിലും ഗ്രീൻഹൗസുകളിലായി നിയന്ത്രിത താപനിലയിലും ഈർപ്പത്തിലും വളർത്തിയെടുക്കുന്നവയാണിവ. സാധാരണ കഞ്ചാവിൽ നിന്നും വ്യത്യസ്തമാണെങ്കിലും നിയമപ്രകാരം, ഹൈബ്രിഡും ഹൈഡ്രോയും സാധാരണ കഞ്ചാവിന് സമാനമായി കണക്കാക്കുന്നു. തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിൽ നിന്നാണ് ഇവ ലഭിക്കുന്നത്. സാധാരണ കഞ്ചാവിലുള്ളതിനേക്കാൾ ടെട്രാഹൈഡ്രോകനാബിനോൾ (THC) അളവ് ഇവയിൽ വളരെ കൂടുതലാണ്.

ENGLISH SUMMARY:

Hybrid cannabis was seized at Nedumbassery airport. A man from Wayanad was arrested for smuggling hybrid cannabis worth crores from Bangkok.